rain

കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ വ്യാപക നാശ നഷ്‌ടം. ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ കനത്ത മഴയാണ് വിവിധ ജില്ലകളിൽ പെയ്‌തത്. കോഴിക്കോട് നഗരത്തിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണു. വയനാട് റോഡിൽ പാറോപ്പടിയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫാറൂഖ് കോളേജ് വിമൻസ് ഹോസ്റ്റൽ , പന്തീരങ്കാവ് വള്ളിക്കുന്ന്, കുടൽ നടക്കാവ്, കൂടത്തുംപാറ ,പ്രൊവിഡൻസ് കോളേജ്, പയ്യാനക്കൽ,ബേപ്പൂർ എന്നീ ഭാഗങ്ങളിൽ വൻ മരങ്ങൾ വീണ് ഗതാഗത തടസം ഉണ്ടായി.

അഗ്നിരക്ഷാസേന റോഡുകളിൽ വീണ മരങ്ങൾ മുറിച്ചു മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ പലതിലും ഇതിനോടകം വെള്ളം കയറി. രാത്രി പതിനൊന്നരയോടെയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴയും കാറ്റും തുടങ്ങിയത്. മലയോര മേഖലയിലും മഴയുണ്ട്. രണ്ട് വീടുകൾക്ക് ഭാഗികമായി കേടുപറ്റി. കോഴിക്കോട് ഫാറൂഖ് കോളേജ് കരമകൻ കാവിൽ ആലയ്ക്ക് മുകളിൽ മരം വീണ് പശു ചത്തു .

കാസർകോട് രാത്രി ശക്തമായ മഴയുണ്ടായിരുന്നു. കാഞ്ഞങ്ങാട് തീരദേശമേഖലയിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായി. വീടുകൾക്കു മുകളിൽ മരങ്ങൾ പൊട്ടി വിണു .നിരവധി വൈദ്യുത തൂണുകളും പൊട്ടിവീണു. മൊഗ്രാൽ നാങ്കി കടപ്പുറത്ത് പത്തോളം വീടുകൾ വെള്ളക്കെട്ടിലാണ്. ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും പത്തോളം വീടുകൾ ഭാഗികമായി തകർന്നുവെന്നാണ് ഇതുവരെ ലഭിച്ച വിവരം.

പാലക്കാട് ജില്ലയിലും ഇന്നലെ രാത്രി ഇടവിട്ട് മഴ പെയ്തു. രാവിലെയോടെ മഴയ്ക്ക് ശമനമുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും പാലക്കാട് തിരുവേഗപ്പുറത്ത് വീടിന് മുകളിൽ മരം വീണു. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ആളപായമില്ല. ഭാരതപ്പുഴക്ക് കുറുകെ ഉള്ള വെള്ളിയാം കല്ല് റെഗുലേറ്റർ ഷട്ടറുകളും തുറന്നു. പട്ടാമ്പി ഉൾപ്പെടെ ഉള്ള നദീ തീരത്ത് ഉള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം ഉണ്ട്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും തകർന്ന അട്ടപ്പാടിയിലെ 33കെ.വി വൈദ്യുത ടവർ നന്നാക്കാനുള്ള നടപടികൾ തുടരുകയാണ്.

താമരശേരി ചുരം രണ്ടാം വളവിലും മരം വീണ് ഗതാഗത തടസം ഉണ്ടായി. വയനാട് റോഡിൽ പാറോപ്പടി ,മാവൂർ പാറമ്മൽ തുടങ്ങിയ സ്ഥലങ്ങളിലും മരം വീണു അഗ്നി രക്ഷാ സേന മരം മുറിച്ചുമാറ്റി ഗതാഗത തടസം നീക്കി. ഫറോക്ക് കോളേജിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണ് ചില്ലുകൾ തകർന്നു. ആളപായമില്ല.

മലപ്പുറത്തും രാത്രി ശക്തമായ മഴയുണ്ടായിരുന്നു. ശക്തമായ കാറ്റിൽ നിലമ്പൂർ കരിമ്പുഴയിൽ വീടിനു മുകളിൽ മരം വീണു. അഷറഫ് എന്നയാളുടെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. വീട്ടുകാർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെയോടെ മഴയ്ക്ക് ശമനമുണ്ട്.