വാഷിംഗ്ടൺ: സ്വന്തം ജീവൻ തൃണവത്ഗണിച്ചുകൊണ്ട് പടുകൂറ്റൻ നായയുടെ ആക്രമണത്തിൽനിന്ന് സഹോദരിയെ രക്ഷിച്ച ധീരനായ അമേരിക്കൻ ബാലൻ ബ്രിഡ്ജ് വാക്കർ വീണ്ടും സോഷ്യൽമീഡിയയിൽ സ്റ്റാറായി. സഹോദരിയോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കുന്ന ചിത്രം ഒരു ബന്ധു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് ഈ ആറുവയസുകാരൻ വീണ്ടും സ്റ്റാറായത്. ആയിരങ്ങളാണ് മണിക്കൂറുകൾക്കുളളിൽ ചിത്രം കണ്ടത്. സഹോദര സ്നേഹത്തിന്റെ ഉദാത്ത മാതൃക എന്നാണ് ഒട്ടുമിക്കവരും ചിത്രത്തെ വിശേഷിപ്പിച്ചത്. ലോകം മുഴുവൻ മാതൃകയാക്കേണ്ട വ്യക്തി എന്ന ബഹുമതിയും ചിലർ ചാർത്തി നൽകി.
ജൂലായ് 9നായിരുന്നു പാഞ്ഞടുത്ത നായയുടെ വായിൽ നിന്ന് സ്വന്തം സഹോദരിയെ ബ്രിഡ്ജ് വാക്കർ രക്ഷപ്പെടുത്തിയത്. നാലുവയസുകാരിയായ സഹോദരിക്കൊപ്പം വീടിനുമുന്നിലെ തെരുവിൽ വെറുതേ നടക്കുകയായിരുന്നു ബ്രിഡ്ജ് വാക്കർ. പെട്ടന്നാണ് അത് സംഭവിച്ചത്. ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ഒരു നായ സഹോദരിയുടെ നേരേ പാഞ്ഞടുക്കുന്നു. അടുത്ത നിമിഷം നായ സഹോദരിയെ കടിച്ചുകുടയും. ആരും അന്തിച്ചുപാേകുന്ന നിമിഷം. എന്നാൽ, മറ്റൊന്നുമാലാേചിക്കാതെ ബ്രിഡ്ജ് വാക്കർ സഹോദരിയുടെയും നായയുടെയും ഇടയിലേക്ക് എടുത്തുചാടി.പെൺകുട്ടിയെ ആക്രമിക്കാൻ കിട്ടാത്തതിന്റെ ദേഷ്യം മുഴുവൻ നായ തീർത്തത് അവന്റെ മേലായിരുന്നു. ദേഹമാസകലം കടിച്ചുകീറി. അവന്റെ കുഞ്ഞുമുഖത്തുമാത്രം തൊണ്ണൂറ് തുന്നലുകളാണ് ഉണ്ടായിരുന്നത്. സംഭവം കണ്ട് ഓടിക്കൂടിയവരാണ് ബ്രിഡ്ജ് വാക്കറെ രക്ഷപ്പെടുത്തിയത്. ഞങ്ങളിൽ ആരെങ്കിലും മരിക്കുകയാണെങ്കിൽ അത് ഞാനായിരിക്കണമെന്ന് മാത്രം കരുതിയാണ് നായയുടെ മുന്നിലേക്ക് ചാടിയതെന്നാണ് ബ്രിഡ്ജ് പിന്നീട് പറഞ്ഞത്.
ഈ സംഭവം പുറത്തറിഞ്ഞതോടെ ലോകം മുഴുവൻ അവന്റെ ധീരതയെ വാഴ്ത്തിപ്പാടി. പ്രമുഖവ്യക്തികൾ ഉൾപ്പടെയുളളവർ കുഞ്ഞ് ബ്രിഡ്ജിനെ ആശംസകൾകൊണ്ട് മൂടുകയായിരുന്നു.