പിടിവള്ളികൾ വഴുതിത്തുടങ്ങിയ കൊവിഡ് കാലത്ത് നമ്മുടെ കുട്ടികൾ ജീവിതത്തിൽ നിന്ന് അടർന്നു തുടങ്ങിയിരിക്കുന്നു. കൊവിഡ് കാലത്ത് കുട്ടികളുടെ ആത്മഹത്യാ വാർത്തകൾ വെറും വാർത്തകളല്ല, വരുംതലമുറയുടെ നിലനില്പ് വിണ്ടുകീറുന്നതിന്റെ ഭീതിദമായ ശബ്ദമാണ് .
കലഹം നിറഞ്ഞ വീടുകളിൽ നിന്ന് , രണ്ട് ധ്രുവങ്ങളിലേക്ക് അകന്നുമാറിയ അച്ഛനമ്മമാർക്കിടയിൽ നിന്ന്, മാനസിക പീഡനങ്ങളിൽ നിന്ന് അകന്നോടാൻ അവർക്കൊരിടമില്ല. ഈ ദുഷിച്ച കാലത്ത് സ്കൂൾ എന്ന അഭയത്തിന്റെ വാതിൽ ഇനിയെന്ന് തുറക്കുമെന്ന് അറിയില്ല.
ആശ്വാസച്ചരട് പാതിയിൽ മുറിഞ്ഞു. കൊവിഡ് കാലത്തെ ചുട്ടുപഴുത്ത ചോദ്യചിഹ്നമായി ഈ കുട്ടികൾ കേരളത്തിന്റെ ഹൃദയം മുറിക്കുന്നു. കുട്ടികളുടെ ആത്മഹത്യാ വാർത്തകൾ നമ്മെ ഓർമ്മിപ്പിക്കുന്നു, കരുതിയിരിക്കുക.
വാണിദേവി
(സൈക്കോളജിസ്റ്റ്)
കുട്ടികൾക്ക് കൂട്ടുകാർക്കൊപ്പം ചെലവഴിക്കാനും പ്രശ്നങ്ങൾ പങ്കുവയ്ക്കാനുമുള്ള സാഹചര്യമാണ് കൊവിഡ് കാലത്ത് ഇല്ലാതായത്. സ്കൂളിൽ അദ്ധ്യാപകരോടും കൂട്ടുകാരോടുമുള്ള തുറന്നു പറച്ചിലുകൾ പ്രശ്നങ്ങൾ ലഘൂകരിച്ചിരുന്നു. പാഠ്യേതര പ്രവർത്തനങ്ങളും ഉല്ലാസവേളകളും അവരുടെ മാനസികാരോഗ്യം ഉറപ്പാക്കി. കുടുംബപ്രശ്നങ്ങൾ നിറയുന്ന വീടുകളിൽ നിന്ന് പകൽ നേരങ്ങളിൽ മാറി നില്ക്കുന്നതും ഇതേ അന്തരീക്ഷത്തിൽ 24 മണിക്കൂർ തുടരുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. കലുഷിതമായ അന്തരീക്ഷത്തിൽ നിന്ന് മാറി നില്ക്കാനുള്ള അവസരമാണ് കുട്ടിക്ക് നഷ്ടമായത്. മാനസിക പ്രശ്നങ്ങൾ ഉള്ള കുട്ടികളിൽ ഈ പ്രശ്നം അധികരിക്കാനും കൊവിഡ് കാലം കാരണമാകുന്നുണ്ട്. ഒപ്പം കൊവിഡിനോടുള്ള ഭീതിയും കുട്ടികളിൽ വളരുന്നുണ്ട്.
കുട്ടികളിലെ സ്വഭാവമാറ്റം തിരിച്ചറിയാൻ രക്ഷിതാക്കൾക്ക് കഴിയണം. ആത്മഹത്യാ പ്രവണതയുള്ള കുട്ടികളിൽ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം കാണാറുണ്ട്. ഉറക്കം, ജീവിതചര്യ, ഭക്ഷണരീതി, താത്പര്യമുണ്ടായിരുന്ന കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കുക, ഒറ്റയ്ക്കിരിക്കുക, നിസാര കാര്യങ്ങൾക്ക് വൈകാരിക വിസ്ഫോടനങ്ങൾ, ക്ളാസിൽ അശ്രദ്ധ, പഠനത്തിൽ പിന്നോക്കമാവുക തുടങ്ങിയ മാറ്റങ്ങൾ കണ്ടാൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണം. ജീവിക്കാൻ താത്പര്യമില്ലെന്ന് കുട്ടി പറയുന്നത് സഹായത്തിന് വേണ്ടിയുള്ള കരച്ചിലായി വേണം പരിഗണിക്കാൻ.
ഗായത്രി
(അദ്ധ്യാപിക)
സ്കൂൾ കുട്ടികൾക്ക് പഠനകേന്ദ്രം മാത്രമല്ല, വിഷമങ്ങൾ അദ്ധ്യാപകരും കൂട്ടുകാരുമായി പങ്കുവയ്ക്കാനുള്ള ആശ്വാസകേന്ദ്രം കൂടിയാണ്. ഈ സാദ്ധ്യതകളാണ് കൊവിഡ് ഇല്ലായ്മ ചെയ്തത്. അതിനാൽ ഇക്കാലത്ത് കുട്ടികളുടെ മാനസികാരോഗ്യകാര്യത്തിൽ കുറേക്കൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വാട്സ് ആപിലൂടെ വിദ്യാർത്ഥികളുമായി നിരന്തരം ആശയവിനിമയം നടത്തുന്ന അദ്ധ്യാപികയാണ് ഞാൻ. ഇനി എന്നാണ് സ്കൂൾ തുറക്കുക, എന്നാണ് കൂട്ടുകാരെ കാണാനാവുക എന്ന ആശങ്കയാണ് അവർ പങ്കുവയ്ക്കുന്നത്. ഈ ആശങ്ക ദിനംതോറും വളരുകയാണ്.
പുറത്തേക്കിറങ്ങാനാകാതെ, തൊട്ടടുത്ത് താമസിക്കുന്ന കൂട്ടുകാരുമായി പോലും സമ്പർക്കമില്ലാതെ മൊബൈലും ടിവിയും ഓൺലൈൻ പഠനവുമായി ഇരിക്കുകയാണ് കുട്ടികൾ. ഈ സാഹചര്യത്തിലുണ്ടാകുന്ന നിരാശ കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ഒപ്പം മദ്യപാനം, സാമ്പത്തിക പ്രശ്നങ്ങൾ എന്നീ കാരണങ്ങളാൽ വീടുകളിലുണ്ടാവുന്ന കലഹങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരാവുകയാണ് കുട്ടികൾ. മൊബൈൽ ഇല്ലാത്തവർ, ടിവി കണ്ട് മാത്രം പഠിക്കേണ്ടി വരുന്നവർ തുടങ്ങിയ കുട്ടികളും മാനസിക സമ്മർദ്ദത്തിലാണ്. പലർക്കും പഠനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല. വീടുകളിൽ അടച്ചിരിക്കുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിന് വഴികളില്ല. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേരുന്ന ഗ്രൂപ്പുകളിലൂടെ അവരുടെ സന്തോഷം ഉറപ്പാക്കുകയും ഉല്ലാസം നല്കുകയും ചെയ്യുക മാത്രമാണ് കൊവിഡ് കാലത്ത് ഏക പ്രതിവിധി.
ഭവാനി ചീരാത്ത്
(മാദ്ധ്യമ പ്രവർത്തക)
ദിവസത്തിന്റെ ആറ് മുതൽ എട്ട് മണിക്കൂർ വരെ സ്കൂളിൽ ചെലവഴിച്ചിരുന്ന കുട്ടി സ്വർഗാവസ്ഥയിലായിരുന്നു എന്നുതന്നെ പറയാം. സാമൂഹ്യ ഇടപെടലിനുള്ള കഴിവ്, ആശയവിനിമയം, ഉല്ലാസം എന്നിവയെല്ലാം രൂപപ്പെടുന്നതും വളരുന്നതും സ്കൂളിൽ നിന്നാണ്. ഈ വേദിയാണ് കൊവിഡ് കെട്ടിയടച്ചിരിക്കുന്നത്.
സ്കൂൾ സമയം നഷ്ടമായി വീട്ടിലിരിക്കുമ്പോൾ ഒരു ഫോക്കസ് ഇല്ലായ്മ രൂപപ്പെട്ടിട്ടുണ്ട് മിക്ക കുട്ടികളിലും. ഈ സമയത്ത് കുട്ടിക്ക് ഉന്മേഷവും സന്തോഷവുമുള്ള അന്തരീക്ഷം രക്ഷിതാക്കളാണ് ഉറപ്പാക്കേണ്ടത്. നിർഭാഗ്യവശാൽ സ്കൂൾ ഇല്ലാതായ ഈ സമയത്ത് വീടുകളിലെ അസ്വസ്ഥതകൾ കുട്ടികളെ ബാധിക്കുന്നുണ്ട്. ഓൺലൈൻ ക്ളാസിനെക്കുറിച്ച് പരാതി പറയുന്ന രക്ഷിതാക്കൾ സാഹചര്യം എന്താണെന്ന് മനസിലാക്കി കൂടുതൽ സമയം കുട്ടിക്ക് വേണ്ടി മാറ്റിവയ്ക്കുക. ഇങ്ങനെ മാത്രമേ കുട്ടിയുടെ വൈകാരിക സുരക്ഷിതത്വം ഉറപ്പാക്കാനാകൂ. മുറിയടച്ച് പഠിക്കുന്ന രീതിയിൽ ഒരു ഒറ്റപ്പെടൽ തീർച്ചയായും ഉണ്ട്. ഇത് അപകടമാണ്. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത തിരിച്ചറിയാൻ പോലും ഈ അടച്ചിരിപ്പ് തടസം സൃഷ്ടിക്കും.