ലണ്ടൻ: രണ്ട് യാത്രക്കാർ മാസ്‌ക് ധരിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് വിമാനത്തിൽ കൂട്ടയടി. യാത്രക്കാരുടെ കൈയിൽ നിന്ന് പൊതിരെ തല്ലുവാങ്ങിയ ഇരുവരും ജയിലിലുമായി. ആംസ്റ്റർഡാമിൽ നിന്ന് ലിബ്സയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുളള കിടിലൻ തല്ല് നടന്നത്. ബ്രിട്ടീഷുകാരായ രണ്ടുപേർക്കാണ് തല്ലുകിട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മദ്യലഹരിയിലായിരുന്ന ഇരുവരും മാസ്ക് ധരിക്കാതെയാണ് വിമാനത്തിൽ കയറിയത്. ഇതുകണ്ട മറ്റുയാത്രക്കാർ മാസ്ക് ധരിക്കാൻ ഇവരോട് ആവശ്യപ്പെട്ടു. പക്ഷേ, അതൊന്നും അവർ കേട്ടതായിപ്പോലും നടിച്ചില്ല. ഇതോടെ കുട്ടികൾ ഉൾപ്പടെയുളള യാത്രക്കാർ പ്രതിഷേധവുമായി എത്തി. എന്നിട്ടും ഇരുവർക്കും ഒരു കൂസലുമുണ്ടായിരുന്നില്ല. മാത്രമല്ല യാത്രക്കാരോട് തട്ടിക്കയറാനും ശ്രമിച്ചു. അതോടെ കൺട്രോളുപോയ യാത്രക്കാൻ കൈവയ്ക്കുകയായിരുന്നു.
മാസ്കും ഷർട്ടും ധരിക്കാത്ത ഒരാൾ മറ്റൊരാളുമായി തല്ലുകൂടുന്നതാണ് ദൃശ്യത്തിന്റെ തുടക്കത്തിൽ കാണുന്നത്. ഷർട്ടിടാത്ത വ്യക്തിയെ മറ്റുയാത്രക്കാർ ചേർന്ന് തല്ലി പതംവരുത്തുന്നതും പിടിച്ചുകെട്ടി തറയിൽ കിടത്തിയിരിക്കുന്നതുമാണ് പിന്നീടുളള ദൃശ്യങ്ങളിൽ കാണുന്നത്. ഇയാളുടെ മൂക്കിൽ നിന്ന് ചോരവരുന്നതും കാണാം. മാസ്കുവയ്ക്കാത്ത രണ്ടാമന് തല്ലുകിട്ടുന്ന ദൃശൃങ്ങൾ വീഡിയോയിലില്ല. മറ്റുളളവർക്ക് രോഗം പകർത്താൻ ശ്രമിച്ചു, അനാവശ്യമായി സംഘർഷമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസറ്റുചെയ്തത്.