റായ്‌പൂർ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമി പൂജകൾ നടക്കാനിരിക്കെ ഛത്തീസ്ഗഡിൽ ശ്രീരാമന്റെ പേരിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനായുള്ള പ്രാരംഭ നടപടി ക്രമങ്ങൾ സർക്കാർ തലത്തിൽ തുടങ്ങികഴിഞ്ഞു. രാമക്ഷേത്രം ഉയരുന്നത് ഉത്തർപ്രദേശിൽ ആണെങ്കിലും രാമന് ഛത്തീസ്‌ഗഡുമായി പ്രത്യേക ബന്ധമുണ്ട്. ശ്രീരാമന്റെ പൂർവികർ ഛത്തീസ്‌ഗഡിലായിരുന്നു എന്നാണ് വിശ്വാസം. ദശരഥ രാജാവുമായുള്ള വിവാഹത്തിന് മുമ്പ് മാതാവ് കൗസല്യയുടെ വീട് ഛത്തീസ്ഗഡിലായിരുന്നുവെന്നാണ് വിശ്വാസികൾ കരുതുന്നത്.
തന്റെ 14 വർഷത്തെ വനവാസത്തിനിടയിൽ പത്ത് വർഷവും രാമൻ ഛത്തീസ്‌ഗഡിലാണ് കഴിഞ്ഞിരുന്നത് എന്നാണ് കരുതപ്പെടുന്നത്. വനവാസക്കാലത്ത് ഛത്തീസ്ഗഡിലെ 75 പ്രദേശങ്ങൾ സന്ദർശിച്ച ശ്രീരാമൻ അതിൽ 51 സ്ഥലങ്ങളിൽ താമസിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്. ഛത്തീസ്ഗഡിലെ ചന്ദ്ഖുരൈ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ് കൗസല്യയുടെ വീട്. മാതാ കൗസല്യയുടെ പേരിൽ സമർപ്പിച്ചിരിക്കുന്ന ക്ഷേത്രവും ഈ പട്ടണത്തിലുണ്ട്.
അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് മുന്നോടിയായി ഛത്തീസ്ഗഡ് സർക്കാർ ശ്രീരാമന്റെ പേരിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. ശ്രീരാമനുമായി ബന്ധപ്പെട്ട പ്രദേശങ്ങളെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. ആദ്യ ഘട്ടത്തിൽ, കൊരിയ ജില്ലയിലെ സീതമാടി-ഹർചൈക്ക, സർഗുജ ജില്ലയിലെ രാംഗഡ്, ജഞ്ജിർ-ചമ്പ ജില്ലയിലെ ശിവ്രിനാരായൺ, ബാലോദബസാർ, റായ്‌പൂർ ജില്ലയിലെ ചന്ദ്‌കുരി, ഗരിയബന്ദിലെ രാജീം എന്നിവ ഉൾപ്പെടുന്ന എട്ട് സൈറ്റുകളാണ് സർക്കാർ വികസിപ്പിക്കുന്നത്.
അപ്രോച്ച് റോഡുകൾ, ടൂറിസ്റ്റ് ഫെസിലിറ്റി സെന്ററുകൾ, വേദഗ്രാമം, ജലവിതരണം, ശുചിമുറികൾ, റെസ്റ്റോറന്റുകൾ, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി നാല് അംഗ സംഘത്തെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതികളുടെ രൂപരേഖ ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിച്ച് സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഛത്തീസ്ഗഡ് സർക്കാർ.