rammandir

അയോദ്ധ്യ:രാമക്ഷേത്രത്തിനുള‌ള ശിലാസ്ഥാപനം അയോദ്ധ്യയിൽ നടന്നിരിക്കുകയാണ്. 1527ൽ നിർമ്മിച്ച ബാബറി മസ്‌ജിദ് 1992ൽ തകർത്തതോടെ വിവാദം കടുത്ത അയോദ്ധ്യയിൽ 2019 നവംബറിലെ സുപ്രീംകോടതി വിധിയെ തുടർന്ന് രാമക്ഷേത്രം ഉയരാൻ പോകുകയാണ്.1980കളിൽ ആർ എസ് എസും ബി ജെ പിയും ഉയർത്തിക്കൊണ്ടുവന്ന പ്രശ്‌നമായിരുന്നു രാമക്ഷേത്ര നിർമ്മാണം. ആർ എസ് എസ്, വിശ്വഹിന്ദു പരിഷത്, ബിജെപി, ബജ്‌രംഗ് ദൾ മ‌റ്റ് ഹൈന്ദവ സംഘടനകൾ എന്നിവ രാമജന്മഭൂമി പ്രസ്ഥാനം വലിയൊരു രാഷ്‌ട്രീയ ആയുധമായി തന്നെ ഉപയോഗിച്ചു.

പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിനായി ആധാരശില സ്ഥാപനം നടത്തിയിരിക്കുന്നത്. അയോദ്ധ്യ രാമക്ഷേത്രത്തിനായി രാമജന്മഭൂമി പ്രസ്ഥാനം നയിച്ച പത്ത് പേരുകൾ ഇന്ത്യൻ രാഷ്ട്രീയ ലോകത്ത് ഏറെ ശ്രദ്ധ നേടിയതാണ്. അവരെ അറിയാം.

ലാൽ കൃഷ്‌ണ അദ്വാനി

1990ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം മുതൽ അയോദ്ധ്യ വരെ രഥയാത്ര നടത്തിയാണ് അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിന്റെ അമരക്കാരനായി ലാൽ കൃഷ്‌ണ അദ്വാനി എന്ന എൽ കെ അദ്വാനി മാറുന്നത്. ബസിനെ രഥമായി രൂപപരിണാമം വരുത്തി അദ്വാനി നടത്തിയ യാത്രക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. അന്ന് അയോദ്ധ്യ വരെ എത്താൻ പക്ഷെ അദ്വാനിക്കായില്ല. ബിഹാറിലെ സമസ്‌തിപൂർ ജില്ലയിലെത്തിയപ്പോൾ അന്നത്തെ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, അദ്വാനിയെ അറസ്‌റ്റ് ചെയ്‌ത് നീക്കാൻ ഉത്തരവിട്ടു.

പിന്നീട് 1992ൽ കർസേവകർ കൂട്ടമായെത്തി അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്തു. ആ സമയം അദ്വാനിയും അയോദ്ധ്യയിലുണ്ടായിരുന്നു. ഇതിന്റെ പേരിലെ നിയമ നടപടികൾ ഇന്നും അദ്വാനി നേരിടുകയാണ്.

പ്രമോദ് മഹാജൻ

1990ൽ ബിജെപിയിലെ ജനറൽ സെക്രട്ടറിയായിരുന്ന പ്രമോദ് മഹാജന്റെ നിർദ്ദേശിച്ചതനുസരിച്ചാണ് അദ്വാനി അയോദ്ധ്യയിലേക്കുള‌ള പദയാത്ര മാ‌റ്റി രഥയാത്രയാക്കിയത്. വാജ്പേയി-അദ്വാനി കാലഘട്ടത്തിലെ പാർട്ടിയിലെ സൂക്ഷ്‌മബൂദ്ധിയേറിയ ആസൂത്രകനായിരുന്നു മഹാജൻ. രഥയാത്ര എന്ന് തുടങ്ങണമെന്ന് അദ്വാനിക്ക് നിർദ്ദേശം നൽകിയതും മഹാജനാണ്. നരേന്ദ്രമോദിയായിരുന്നു അന്ന് പ്രമോദ് മഹാജന്റെ സഹായത്തിനുണ്ടായിരുന്നത്.

അശോക് സിംഗാൾ

രാമജന്മഭൂമി പ്രസ്ഥാനത്തിനായി അക്ഷീണം പ്രയത്നിച്ച നേതാവായിരുന്നു വി എച്ച് പി അദ്ധ്യക്ഷനായിരുന്ന അശോക് സിംഗാൾ. 2011ൽ ആരോഗ്യം അനുവദിക്കും വരെ അദ്ദേഹം പ്രസ്ഥാനത്തിനായി തന്റെ പ്രയത്നം തുടർന്നു.

മുരളി മനോഹർ ജോഷി

1980കളിലും 90കളിലും ബിജെപിയുടെ അതിശക്തനായ നേതാവായിരുന്നു മുരളി മനോഹ‌ർ ജോഷി. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അയോദ്ധ്യയിൽ അദ്വാനിക്കൊപ്പം ജോഷിയുമുണ്ടായിരുന്നു. അതേ കേസിൽ അദ്വാനിക്കൊപ്പം മുരളി മനോഹർ ജോഷിയും നിയമ നടപടികൾ നേരിടുകയാണ്. മസ്‌ജിദ് തകർത്ത ശേഷം ബിജെപി നേതാവായ ഉമഭാരതിയോടൊപ്പം സന്തോഷം പങ്കിടുന്ന ജോഷിയുടെ ചിത്രം അന്ന് ദേശീയ തലത്തിൽ ഏറെ ചർച്ചയായിരുന്നു.

ഉമാ ഭാരതി

രാം മന്ദിർ പ്രസ്ഥാനത്തിൽ ഏ‌റ്റവുമധികം ശ്രദ്ധിക്കപ്പെട്ട നേതാവ് ഉമാ ഭാരതിയായിരുന്നു. ബാബറി മസ്‌ജിദ് തകർത്തത് അന്വേഷിക്കാൻ നിയോഗിച്ച ലിബർഹാൻ കമ്മീഷൻ ബാബറി മസ്‌ജിദ് തകർത്തതിൽ ഉമാ ഭാരതിക്കുള‌ള പങ്ക് വ്യക്തമായി പറയുന്നുണ്ട്. ഒന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രിയും ബിജെപിയുടെ വൈസ് പ്രസിഡന്റുമായിരുന്നു ഉമാ ഭാരതി.

സാധ്വി ഋതംഭര

ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന് മുൻപുള‌ള കാലഘട്ടങ്ങളിലെ ഉമാ ഭാരതിക്ക് ശേഷമുള‌ള രാം മന്ദിർ പ്രസ്ഥാനത്തിന്റെ രണ്ടാമത് നേതാവ് സാധ്വി ഋതംഭര ആയിരുന്നു. ഇവരുടെ പ്രസംഗങ്ങൾ അടങ്ങിയ കാസ‌റ്റുകൾ അക്കാലങ്ങളിൽ ചൂടപ്പം പോലെ വി‌റ്റുപോയിരുന്നു.

കല്യാൺ സിംഗ്

ബാബറി മസ്‌ജിദ് തകർക്കപ്പെടുമ്പോൾ അന്ന് ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു കല്യാൺ സിംഗ്. കർസേവകർക്കെതിരെ പൊലീസ് നടപടിയെടുക്കേണ്ട എന്ന തീരുമാനം കല്യാൺ സിംഗാണ് കൈക്കൊണ്ടത്. പിന്നീട് ബിജെപി നേതൃത്വവുമായി കല്യാൺ സിംഗ് അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടെങ്കിലും വൈകാതെ തിരികെയെത്തി.

വിനയ് കത്യാർ

ബജ്‌രംഗ് ദളിന്റെ തീപ്പൊരി നേതാവായിരുന്നു വിനയ് കത്യാർ. രാം മന്ദിർ പ്രസ്ഥാനത്തിലേക്ക് 1984ലാണ് കത്യാർ എത്തപ്പെടുന്നത്. പ്രസ്ഥാനത്തിന്റെ ആദ്യ അധ്യക്ഷനും വിനയ് കത്യാർ ആയിരുന്നു. പിന്നീട് ബിജെപി ജനറൽ സെക്രട്ടറിയായി. ലോക്‌സഭ, രാജ്യസഭ അംഗമായും മാറി. അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ എംപിയാണ് കത്യാർ.

പ്രവീൺ തൊഗാഡിയ

രാം മന്ദിർ ക്യാമ്പെയിനിലെ മ‌റ്റൊരു തീപ്പൊരി നേതാവായിരുന്നു പ്രവീൺ തൊഗാഡിയ. വിദ്വേഷ പ്രസംഗത്തിലൂടെയാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. അശോക് സിംഗാളിന് ശേഷം വിഎച്ച്പിയെ നയിച്ചത് തൊഗാഡിയ ആണ്.

വിഷ്‌ണു ഹരി ഡാൽമിയ

അയോദ്ധ്യ രാംമന്ദിർ ക്യാമ്പെയിനിൽ പ്രധാന പങ്ക് വഹിച്ചവരിൽ ഒരാളാണ് വിഷ്‌ണു ഹരി ഡാൽമിയ. ഇദ്ദേഹം ഒരു വ്യവസായിയായിരുന്നു. വിഎച്ച്പിയിൽ വിവിധ പദവികൾ ഡാൽമിയ വഹിച്ചിട്ടുണ്ട്. ബാബറി മസ്‌ജിദ് കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ആളായിരുന്നു വിഷ്‌ണു ഹരി ഡാൽമിയയും.