ലക്‌നൗ: രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഭൂമി പൂജയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തി. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കൊവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിർമാണത്തിനാണ് തുടക്കമാകുന്നത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിർമാണത്തിന് തുടക്കമിടുന്നത്. ഹനുമാൻ ക്ഷേത്രത്തിലാണ് പ്രധാനമന്ത്രി ആദ്യം ദർശനം നടത്തിയത്. ക്ഷേത്രത്തിലെ പൂജാരി പ്രധാനമന്ത്രിക്ക് തലപ്പാവ് സമ്മാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. അതിനുശേഷം രാംലല്ല വിഗ്രഹ ദർശിക്കാനാണ് പ്രധാനമന്ത്രി എത്തിയത്. അവിടെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു. ശംഖു നാദം മുഴക്കിയാണ് പ്രധാനമന്ത്രിയെ രാം ലല്ലയിലേക്ക് സ്വീകരിച്ചത്. രാം ലല്ല ക്ഷേത്രത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ പ്രധാനമന്ത്രി പാരിജാത തൈ പ്രദേശത്ത് നട്ടു.
രാമ ജന്മഭൂമിയിലെ വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരുമുണ്ടാകും. രാമജന്മഭൂമിയിൽ ചെമ്പകത്തൈ നട്ട ശേഷമാകും ഭൂമിപൂജ. പ്രധാനമന്ത്രിയും ആർ.എസ്.എസ് മേധാവിയും യു.പി മുഖ്യമന്ത്രിയും സംസാരിക്കും. പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാംപും പുറത്തിറക്കും.
ചടങ്ങിലേയ്ക്ക് 75 പേർക്കാണ് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസ് വഴി ചടങ്ങിന്റെ ഭാഗമാകും. ശക്തവും ഐശ്വര്യപൂർണവുമായ ഇന്ത്യയുടെ പ്രതീകമായി രാമക്ഷേത്രം മാറുമെന്ന് ഉറപ്പുണ്ടെന്ന് എൽ.കെ അദ്വാനി പറഞ്ഞിരുന്നു.