ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കടന്നു. നിലവിലെ കണക്കുപ്രകാരം 19,08,254പേരാണ് രോഗബാധിതർ. 24 മണിക്കൂറിനിടെ 52,509 പേർക്കാണ് രോഗം ബാധിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന രോഗവർദ്ധനയാണിത്. മരണസംഖ്യ 39,785 ആയി. അതേസമയം രോഗമുക്തി നിരക്ക് 66.21 ശതമാനമായി ഉയർന്നിട്ടുണ്ട്. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 2.10 ശതമാനമായി കുറഞ്ഞതായും ലോക്ഡൗണിനുശേഷം ആദ്യമായിട്ടാണ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രിലാണ് രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുളളത്. 4,57,956 പേരാണ് സംസ്ഥാനത്തെ രോഗബാധിതർ. 16,142 പേരാണ് മരണത്തിന് കീഴങ്ങിയത്. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 2,68,285 പേരാണ് സംസ്ഥാനത്തെ ആകെ രോഗബാധിതർ. മരണം 4,349 ആയി. ആന്ധ്രാപ്രദേശും കർണാടകയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. നേരത്തേ സ്ഥിതി മോശമായിരുന്ന ഡൽഹിയിൽ ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ട്. 1,39,156 പേരാണ് നിലവിൽ സംസ്ഥാനത്തെ രോഗബാധിതർ.കേരളത്തിൽ ഇന്നലെ 1083 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1021പേർ രോഗമുക്തരാവുകയും ചെയ്തു. 88പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ കൊവിഡ് ബാധിതരിൽ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൊവിഡ് മരണങ്ങളിൽ 50 ശതമാനവും ആറുപത് വയസിന് മുകളിലുളളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
|
|