തൃശൂർ: യു എൻ എ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) സാമ്പത്തിക തട്ടിപ്പുകേസിൽ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ, ഷോബി ജോസഫ്, നിതിൽ മോഹൻ, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പുകേസിൽ ജാസ്മിൻ ഷാ അടക്കമുളള നാലുപേർക്കെതിരെ നേരത്തേ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പടുവിച്ചിരുന്നു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടിൽ നിന്ന് ഭാരവാഹികൾ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് യു എൻ എ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നൽകിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.
അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുളള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.