hagia-sophia

ലഖ്നൗ: ബാബ്‍രി മസ്‍ജിദ് എല്ലായ്‌പ്പോഴും ഒരു പള്ളിയായി നിലനില്‍ക്കുമെന്നും അതിന്റെ മികച്ചൊരു ഉദാഹരണമാണ് തുര്‍ക്കിയിലെ ഹാഗിയ സോഫിയ എന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് തൊട്ടുമുമ്പായിട്ടാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. മുസ്ലിം വ്യക്തി നിയമബോർഡിന്‍റെ ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് വാലിയാണ് ഈ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

ഒരിക്കലൊരിടത്ത് പള്ളി പണിതെങ്കിൽ എല്ലാക്കാലവും ആ പള്ളി അവിടെ തുടരും എന്നാണ് ഇസ്ലാമിക വിശ്വാസം. അതനുസരിച്ചാണെങ്കിൽ ബാബ്‍രി മസ്‍ജിദ് എന്ന സങ്കൽപം ഒരിക്കലും ഇല്ലാതാകുന്നില്ലെന്നും മുസ്ലിം വ്യക്തിനിയമബോർഡ് വ്യക്തമാക്കുന്നു. ''ബാബ്‍രി മസ്‍ജിദ് ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും. പള്ളി നിലനിന്നയിടത്ത് വിഗ്രഹങ്ങൾ വച്ചതുകൊണ്ടോ, പൂജ നടത്തിയതുകൊണ്ടോ, നമസ്കാരം വിലക്കിയതുകൊണ്ടോ മസ്‍ജിദ് ഇല്ലാതാകുന്നില്ല. രാജ്യത്തിന്‍റെ നിയമസംവിധാനത്തെയും സുപ്രീംകോടതിയെയും ബഹുമാനിക്കുന്നു'വെന്നും വ്യക്തിനിയമബോർഡ് വ്യക്തമാക്കുന്നു.

''ഹാഗിയ സോഫിയയാണ് നമുക്ക് മുന്നിൽ നിലനിൽക്കുന്ന വലിയൊരു ഉദാഹരണം. തീർത്തും നാണക്കേടുണ്ടാക്കിയ ഭൂരിപക്ഷപ്രീണനത്തിന്‍റെ ഭാഗമായി നടത്തിയ വിധിപ്രസ്താവം കൊണ്ട് ഭൂമി ഏറ്റെടുത്തത് ആ ഇടത്തെ മാറ്റുന്നില്ല. ഹൃദയഭേദകമായി ഇതിൽ ഒന്നുമില്ല. ഈ സ്ഥിതിവിശേഷം എക്കാലവും നിലനിൽക്കണമെന്നുമില്ല. ബാബ്‍രി മസ്‍ജിദ് ഒരു ഹിന്ദു ക്ഷേത്രമോ ആരാധനാപ്രദേശമോ തകർത്തുകൊണ്ട് നിർമിച്ചതല്ല-'എന്നും മുസ്ലിം വ്യക്തിനിയമബോർഡ‍് വ്യക്തമാക്കുന്നു. 2019 നവംബര്‍ ഒമ്പതിനാണ് ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി അന്തിമ വിധി പ്രസ്താവിച്ചത്.

#BabriMasjid was and will always be a Masjid. #HagiaSophia is a great example for us. Usurpation of the land by an unjust, oppressive, shameful and majority appeasing judgment can't change it's status. No need to be heartbroken. Situations don't last forever.#ItsPolitics pic.twitter.com/nTOig7Mjx6

— All India Muslim Personal Law Board (@AIMPLB_Official) August 4, 2020