പൗരാവകാശ പ്രവർത്തകനും സീനിയർ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി സ്വമേധയാ കേസെടുത്തു നോട്ടീസ് അയച്ചിരിക്കുകയാണല്ലോ. നോട്ടീസിനുള്ള പ്രാഥമിക മറുപടി പ്രശാന്ത് ഭൂഷൺ സമർപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതാദ്യമായല്ല പ്രമുഖർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കപ്പെടുന്നത്. എഴുത്തുകാരി അരുന്ധതി റോയ് കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ടു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണ്ണൻ ആറു മാസം ജയിൽശിക്ഷ അനുഭവിച്ചു. ഇ.എം.എസ് നമ്പൂതിരിപ്പാടും ഈ വകുപ്പനുസരിച്ചുള്ള നടപടികൾ നേരിടുകയുണ്ടായി.
2009 മുതൽ നിലനിൽക്കുന്ന ഒരു പെറ്റീഷനും, സമീപകാലത്തു പ്രശാന്ത് ഭൂഷൺ നടത്തിയ രണ്ടു ട്വീറ്റുകളുമാണ് ഇപ്പോഴത്തെ നടപടിയിലേക്കു നയിച്ചത്. അതിലൊന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്ഡെ ഒരു മോട്ടോർ സൈക്കിൾ ഓടിക്കാൻ തുടങ്ങുന്നതായി തോന്നിക്കുന്ന ഒരു ഫോട്ടോയ്ക്കുള്ള അഭിപ്രായ പ്രകടനമായിരുന്നു. കഴിഞ്ഞ ആറ് വർഷങ്ങൾക്കുള്ളിൽ, നാല് ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കോടതി ജനാധിപത്യത്തിന്റെ വിനാശത്തിനു കൂട്ട് നിന്നെന്നു ഭാവി ചരിത്രകാരന്മാർ വിലയിരുത്തും എന്നാണ് മറ്റൊരു ട്വീറ്റ്. (“When historians in future look back at the last 6 years to see how democracy has been destroyed in India even without a formal emergency, they will particularly mark the role of the Supreme Court in this destruction, and more particularly the role of the last 4 CJIs.”) ഇവയെല്ലാം കോടതിയെ അപകീർത്തിപ്പെടുത്തുന്നവയാണെന്ന (scandalise) പ്രാഥമിക വിലയിരുത്തലാണ് നിയമ നടപടികളിലേക്ക് നയിച്ചത്.
നേരത്തെ ആരോപിച്ച കാര്യങ്ങൾ കുറെ കൂടി ശക്തമായും വിശദമായും മറുപടിയിൽ ആവർത്തിച്ചിരിക്കുന്നു. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാ അംഗത്വം ഉൾപ്പെടെയുള്ള നിരവധി സന്ദർഭങ്ങൾ മറുപടിയിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഈ കോടതിയലക്ഷ്യ നടപടി നിലനിൽക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടി പുതിയ പെറ്റീഷനും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശാന്ത് ഭൂഷണെതിരെ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന കോടതിയലക്ഷ്യ നടപടിക്കെതിരെ ധാരാളം പ്രമുഖന്മാരും മനുഷ്യാവകാശ പ്രവർത്തകരും മുൻ ജഡ്ജിമാരും പ്രതികരിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജസ്റ്റിസുമാരായ അശോക് ഗാംഗുലി , ചെലമേശ്വർ എന്നിവർ ഉൾപ്പെടെ 131 പ്രമുഖ നിയമജ്ഞരും പൊതുപ്രവർത്തകരും ചേർന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഈ കോടതിയലക്ഷ്യ നടപടികളെ പരസ്യമായി അപലപിച്ചു. കോടതിയുടെ അന്തസ് നിലനിർത്താനായി നടപടികൾ തുടരുകയല്ല അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രസ്താവനയിൽ ആവശ്യപ്പെടുകയുണ്ടായി.
ഇതുപോലെ പൊതുതാത്പര്യമുള്ള വിഷയത്തിനല്ലെങ്കിലും ജോലിയുടെ ഭാഗമായി കോടതിയലക്ഷ്യനടപടിയുടെ ചൂട് ഒന്നിലേറെത്തവണ അനുഭവിച്ചിട്ടുള്ള സന്ദർഭങ്ങൾ ഓർത്തു പോവുകയാണ്. പ്ലസ് ടു നടപ്പിലാക്കുന്ന കാലത്തെ വിദ്യാഭ്യാസ സെക്രട്ടറി ഞാനായിരുന്നു. (ശ്രീ പി. ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രി, ഇ.കെ. നായനാർ മന്ത്രിസഭയിൽ) എണ്ണമറ്റ കേസുകളാണ് വിദ്യാഭ്യാസ സെക്രട്ടറിക്കെതിരെ.
'ഉചിതമായ തീരുമാനം" സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം തന്നു തീർപ്പാക്കിയ കേസുകളിൽ സമയപരിധിക്കുള്ളിൽ സർക്കാർ തീരുമാനമെടുക്കുകയില്ല. (മനപ്പൂർവ്വമല്ല, സഹജമായ ശൈലികൊണ്ട്) കക്ഷികൾ സ്വാഭാവികമായും കോടതിയലക്ഷ്യമാരോപിച്ചു പെറ്റീഷൻ കൊടുക്കും. വ്യക്തിപരമായ ബാദ്ധ്യതയായതിനാൽ വകുപ്പ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണം. പല പ്രാവശ്യം ഹൈക്കോടതിയിൽ ഹാജരാകേണ്ടി വന്നപ്പോൾ ഒരു വനിതാ ജഡ്ജ് (സഹതാപം തോന്നിയിട്ടാകണം) എന്നോട് പറഞ്ഞു: ''മിസ്റ്റർ സെക്രട്ടറി, സെക്രട്ടേറിയറ്റിലിരുന്ന് ജോലി ചെയ്യണ്ട നിങ്ങളെ ഇവിടെ അടിക്കടി വിളിച്ചു വരുത്തേണ്ടിവരുന്ന സാഹചര്യം എന്തുകൊണ്ട് ഉണ്ടാകുന്നു? ഇതൊഴിവാക്കാൻ നിങ്ങൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല?""
എന്റെ പരാധീനതകളെല്ലാം ആത്മാർത്ഥമായും വിനയപൂർവവും ഞാൻ കോടതിയെ ധരിപ്പിച്ചു. ആറു മാസത്തെ സമയം തന്നാൽ ഇത്തരം കേസുകളിൽ അന്തിമ തീർപ്പു കൽപ്പിച്ചു കൊള്ളാമെന്ന എന്റെ വാക്കു കോടതി സ്വീകരിച്ചു. നടപടി അവസാനിപ്പിച്ച് എന്നെ തൽക്കാലം സ്വതന്ത്രനാക്കി.
റിട്ടയർ ചെയ്ത കണ്ണൂരിലെ ഒരദ്ധ്യാപകന്റെ ആനുകൂല്യങ്ങൾ കൊടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സമയപരിധി കഴിഞ്ഞിട്ടും മാഷിന് പണമൊന്നും കിട്ടിയില്ല. സുപ്രീം കോടതിയിൽ ഹാജരാകാൻ നോട്ടീസ് വന്നപ്പോഴാണ് ഞാൻ ഫയൽ ആദ്യമായി കാണുന്നത്. എന്തായാലും ഡൽഹി യാത്രയ്ക്ക് മുമ്പ് അദ്ധ്യാപകന് കൊടുക്കേണ്ട കുടിശ്ശിക അനുവദിച്ച ഉത്തരവ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വശം വീട്ടിലെത്തിച്ചു. സുപ്രീം കോടതിയിൽ അഭിഭാഷകനോടൊപ്പം ഞാൻ ഹാജരായി. കുടിശ്ശിക (താമസിച്ചാണെങ്കിലും) കിട്ടിയ വിവരം പരാതിക്കാരന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. കാലതാമസത്തിനു മാപ്പെഴുതിക്കൊടുത്ത് മടങ്ങി. കുടിശ്ശിക കൊടുക്കാതെയെങ്ങാനുമാണ് ഹാജരായിരുന്നതെങ്കിൽ നേരെ തിഹാർ ജയിലിലേക്കയയ്ക്കാൻ പ്രത്യേകിച്ച് തടസമൊന്നുമില്ലല്ലോ.
ഈ വകുപ്പിൽ പെടുന്നതല്ല പ്രശാന്ത് ഭൂഷണെതിരെയുള്ള കേസ്.
കോടതിയുടെ ചില തീരുമാനങ്ങളെയും പ്രവർത്തനശൈലിയെയും ജഡ്ജിമാരുടെ പെരുമാറ്റത്തെയും പൊതുമാദ്ധ്യമങ്ങളിൽ വിമർശിക്കുന്നത് കോടതിയുടെ അന്തസ് കെടുത്തുമോ എന്നതാണ് കാതലായ ചോദ്യം. വിമർശനം എപ്പോഴാണ് അപകീർത്തിക്കു കാരണമാകുന്നത്? ക്രിയാത്മക വിമർശനത്തിനും അന്തസ് നശിപ്പിക്കുന്ന വിമർശനത്തിനും ഇടയ്ക്കുള്ള അതിർത്തിരേഖ എങ്ങനെ വരയ്ക്കും? എന്ത് ചെയ്താലും ആരും വിമർശിക്കാതിരിക്കുന്നതാണോ കോടതിയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ സഹായിക്കുക? എല്ലാം കണ്ടുകൊണ്ടിരിക്കുന്ന സാധാരണ ജനങ്ങളുടെ മനസിൽ കോടതികളെപ്പറ്റി മോശപ്പെട്ട അഭിപ്രായം രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവ ആരെങ്കിലും പ്രകടിപ്പിച്ചെങ്കിലല്ലേ തിരുത്താനാവൂ? അധികാരത്തിന്റെ കൂടപ്പിറപ്പല്ലേ വിമർശനം? വിമർശനം അനുവദിക്കാത്ത അധികാരം ദുഷിക്കുമെന്നല്ലേ ചരിത്രപാഠം? വിമർശിക്കുകയെന്നത് അപകടം പിടിച്ച പണിയാണെന്ന ധാരണ ജനാധിപത്യത്തെ ദുർബലമാക്കുകയില്ലേ? ശബ്ദബാഹുല്യവും വിമത ശബ്ദങ്ങളുമല്ലേ ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും?