ഫ്‌ലോറിഡ: വീട്ടിൽ അച്ചടിച്ച ചെക്കുപയോഗിച്ച് ഒരു കോടി രൂപയുടെ ആഡംബര കാർ വാങ്ങിയയാളെ അറസ്റ്റ് ചെയ്തു. ഫ്‌ളോറിഡയിലാണ് സംഭവം. കേസി വില്യം കെല്ലി (42) എന്നയാളാണ് പിടിയിലായത്. പോർഷെ സ്വന്തമാക്കിയ ശേഷം വ്യാജ ചെക്കുകൾ ഉപയോഗിച്ച് ആഡംബര വാച്ചുകൾ വാങ്ങാൻ പോയപ്പോഴാണ് പിടിയിലായത്.
ജൂലായ് 27 തിങ്കളാഴ്ച ഏകദേശം ഒരു കോടി രൂപ വിലവരുന്ന പോർഷെ ഇയാൾ വ്യാജ ചെക്ക് ഉപയോഗിച്ച് വാങ്ങി. പിന്നീടാണ് ചെക്ക് വ്യാജമാണെന്ന് കടയിലുള്ളവർക്ക് മനസിലായത്.തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. കബളിപ്പിച്ച് കാർ സ്വന്തമാക്കിയെന്ന് മാത്രമല്ല, ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പോർഷെ മോഷ്ടിച്ച ശേഷം, കെല്ലി മിറാമർ ബീച്ചിലെ ഒരു ജ്വല്ലറിയിൽ ചെന്ന് 61,521 ഡോളറിന്റെ മൂന്ന് റോളക്സ് വാച്ചുകൾ വ്യാജ ചെക്ക് ഉപയോഗിച്ച് ഇയാൾ വാങ്ങാൻ ശ്രമിച്ചു. സംശയം തോന്നി ചെക്കിൽ പണമുണ്ടോയെന്ന് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്. ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അറസ്റ്റിലായപ്പോൾ, തന്റെ വീട്ടിലെ കമ്പ്യൂട്ടറിൽ നിന്ന് ചെക്കുകൾ അച്ചടിച്ചതായും, ബാങ്കിൽ നിന്ന് കാഷ്യറുടെ ചെക്ക് ലഭിച്ചില്ലെന്നും കെല്ലി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.