തിരുവനന്തപുരം: സഹകരണ വകുപ്പിലെ ഓഡിറ്റർമാരുടെ 75 താൽകാലിക തസ്തികകൾ സ്ഥിരമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനൊപ്പം പ്ലസ്‍ വൺ സീറ്റുകൾ 10 മുതൽ 20 ശതമാനം വരെ കൂട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം കൂടി കണക്കിലെടുത്താവും ഇത്. പ്രവാസികൾക്ക് 5000 രൂപ ധനസഹായം നൽകുന്നതിനായി നോർക്കയ്ക്ക് 50 കോടി രൂപ അനുവദിക്കാനുളള തീരുമാനവും യോഗം കൈക്കൊണ്ടു.അതേസമയം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പ്ലസ് വൺ പ്രവേശനത്തിൽ സംവരണം കൂട്ടുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ല.
മഴ മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗം ചർച്ചചെയ്തു. ഈ മാസവും അടുത്തമാസവും കൊവിഡ് വ്യാപനം ഗുരുതരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിരോധം കൂടുതൽ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസിന് കൊവിഡ് പ്രതിരോധ ചുമതല നൽകിയ സാഹചര്യവും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.വീഡിയോ കോൺഫറൻസ് വഴിയായിരുന്നു മന്ത്രിസഭാ യോഗം ചേർന്നത്.