spb

ചെന്നൈ: പ്രശസ്‌ത ചലച്ചിത്ര പിന്നണിഗായകൻ എസ് പി ബാലസുബ്രഹ്‌മണ്യത്തിന് (74) കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌ത വീഡിയോയിലൂടെയാണ് ഈ വിവരം അറിയിച്ചത്. കുറച്ച് നാളുകളായി തനിക്ക് പനിയും ജലദോഷവും ശ്വാസ തടസവുമുണ്ടായിരുന്നതായും തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും എസ്.പി ബാലസുബ്രഹ്‌മണ്യം അറിയിച്ചു. ഡോക്‌ടർമാർ ഹോം ക്വാറന്റൈനാണ് നിർദ്ദേശിച്ചതെങ്കിലും അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ അഡ്മി‌റ്റ് ആകുകയായിരുന്നു.

പനി കുറഞ്ഞെങ്കിലും ജലദോഷം ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു. സുരക്ഷിത കരങ്ങളിലാണെന്നും തന്നെ കുറിച്ചോർത്ത് ആരും വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൂളൈമേട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് എസ്.പി.ബി ചികിത്സയിലുള‌ളത്. പ്രശസ്‌ത ഗാനരചയിതാവ് വൈരമുത്തുവുമൊത്ത് കൊവിഡ് അവബോധമുണർത്തുന്ന ഒരു ഗാനം എസ്.പി. ബാലസുബ്രഹ്‌മണ്യം ആലപിച്ചിരുന്നു. രോഗം വ്യാപകമായ സമയം തന്റെ ആരാധകർ സുരക്ഷിതരായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തിരുന്നു.