modi

ല‌ക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ജയ്‌ശ്രീറാം ലോകമെങ്ങും മുഴങ്ങട്ടെയെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗം ആരംഭിച്ചത്. ലോകമെങ്ങുമുള്ള രാമഭക്തരെ അനുമോദിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ രചിക്കുന്നത് സുവർണ അദ്ധ്യായമാണെന്നും അഭിപ്രായപ്പെട്ടു. രാജ്യം മുഴുവൻ ആവേശഭരിതമാണ്. തലമുറകളുടെ ജീവത്യാഗം ഫലം കണ്ടു. രാമൻ നമ്മുടെ മനസിലും ഹൃദയത്തിലുമാണ് ജീവിക്കുന്നത്. ജനമനസ് പ്രകാശഭരിതമായ ദിനമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നൂണ്ടാകളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഐതിഹാസിക നിമിഷമാണിത്. രാമജന്മഭൂമി ഇന്ന് സ്വതന്ത്രമായിരിക്കുകയാണ്. ജന്മഭൂമിയിൽ നിന്ന് രാമനെ നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ശ്രീരാമൻ ഐക്യത്തിന്റെ അടയാളമാണ്. ഒരു കൂടാരത്തിൽ നിന്ന് വലിയൊരു ക്ഷേത്രത്തിലേക്ക് രാംലല്ല മാറുകയാണ്. രാമക്ഷേത്രം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.

ചരിത്ര മുഹൂർത്തത്തിൽ സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണ്. പ്രാർത്ഥനകൾ ഫലം കണ്ടെന്നും പോരാട്ടം അവസാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സരയു തീരത്ത് ചരിത്രം യാഥാർത്ഥ്യമായി. ക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയായിരുന്നു. ദളിതരും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചു. രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും. ക്ഷേത്രം വരുന്നതോടെ അയോദ്ധ്യയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിയെ എല്ലാവരും സ്വീകരിച്ചു. ഓരോ ഭാരതീയനിലും രാമന്റെ അംശമുണ്ട്. രാമനെപോലെ രാമക്ഷേത്രവും ഐക്യത്തിന്റെ പ്രതീകമായി മാറും. മലയാളം അടക്കം ഭാരതത്തിലെ ഓരോ ഭാഷയിലും രാമചരിതമുണ്ട്. വിദേശ രാജ്യങ്ങളിലും രാമനെ ആരാധിക്കുന്നുണ്ട്. കോടികണക്കിന് രാമഭക്തരുടെ വിജയദിനമാണ് ഇന്ന്. ശ്രീരാമൻ എല്ലാവരുടേതുമാണ്. സത്യത്തെ മുറുകെ പിടിക്കാനാണ് അദ്ദേഹം പഠിപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.