കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (കിയാൽ) യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്‌ത ടാക്‌സികൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. പ്രീപെയ്ഡ് ടാക്‌സി കരാർ നേടിയ കമ്പനി കാർ ഒന്നിന് ദിവസേന ജി.എസ്.ടി ഉൾപ്പെടെ (വണ്ടി ഓടിയാലും ഇല്ലെങ്കിലും) 629.5 രൂപ കിയാലിന് നൽകണമെന്ന് വ്യവസ്ഥയുണ്ട്.
കൊവിഡ് കാലത്ത് പ്രവാസികളുടെ വരവ് വർദ്ധിച്ചപ്പോൾ കരാറുകാരൻ എയർപോർട്ടിൽ ടെൻഡർ പ്രകാരം നൽകിയിരുന്ന കാറുകൾ തികയാതെ വന്നു. ഈ സാഹചര്യത്തിൽ, പുറത്തുനിന്നുള്ള ടാക്‌സികൾക്കും താത്കാലികമായി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കൊണ്ടുപോകാൻ അനുവദിച്ചു. ഈ കാറുകളിൽ നിന്ന് വിമാനത്താവളം ഫീസ് ഈടാക്കിയിരുന്നില്ല. പിന്നീട് കരാറുകാരൻ കാറുകളുടെ എണ്ണം 60ൽ നിന്ന് 180ലേക്ക് ഉയർത്തി. ഇപ്പോൾ പ്രവാസികളുടെ വരവ് കുറഞ്ഞതിനാൽ, കാറുകളുടെ ഓട്ടവും കുറഞ്ഞു.
ഈ സാഹചര്യത്തിൽ, വിമാനത്താവളത്തെ പൂർവസ്ഥിതിയിലേക്ക് എത്തിക്കാനായി, യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്‌ത ടാക്‌സികൾ മാത്രമേ അകത്തു പ്രവേശിക്കാവൂ എന്ന് തലശേരി സബ് കളക്‌ടർ ഉത്തരവിറക്കി. ഈ വാഹനങ്ങളും വിമാനത്താവളത്തിന് 629.5 രൂപ ഫീസ് നൽകണണം. എന്നാൽ, കൊവിഡ് സാഹചര്യം പരിഗണിച്ച് ഫീസ് 300 രൂപയാക്കി ചുരുക്കാനും അത് ടോൾ കളക്ഷൻ കൗണ്ടറിൽ പിരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കിയാൽ വ്യക്തമാക്കി. മുൻകൂട്ടി ബുക്ക് ചെയ്‌തെത്തുന്ന ടാക്‌സികൾ യാത്രക്കാരുടെ വിവരങ്ങൾ, ഫ്ളൈറ്ര് വിശദാംശം എന്നിവ കരുതണം.
പുനഃക്രമീകരിച്ച ഫീസ്
(രണ്ടു മണിക്കൂർ പാർക്കിംഗ് ചാർജ് ഉൾപ്പെടെ)
ഓട്ടോ-ടാക്‌സി : ₹150
കാർ/ജീപ്പ് : ₹250
മിനി ബസ്/ടെമ്പോ ട്രാവലർ : ₹700
ബസ് : ₹1,000
രണ്ട് മണിക്കൂർ കഴിഞ്ഞാൽ ആനുപാതിക പാർക്കിംഗ് ഫീസ്