ആഗോള സാമ്പത്തിക ചലനങ്ങളൊന്നും ഓഹരി വിപണിയിൽ പ്രതിഫലിക്കാത്ത ദിനങ്ങളാണ് കടന്നുപോയത്. പൂജ്യം ശതമാനത്തിന് അടുത്തുള്ള പലിശനിരക്ക് തുടരാൻ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തീരുമാനിച്ചു. അമേരിക്കയുടെ രണ്ടാംപാദ ജി.ഡി.പി നെഗറ്റീവ് 32.9 ശതമാനത്തിലേക്ക് കൂപ്പുകുത്തി. തൊഴിലില്ലായ്‌മ നിരക്കുകളും ഉയർന്നു. എന്നാൽ, ഇവയൊന്നും ഓഹരി വിപണിയിൽ ചലനമുണ്ടാക്കിയില്ല.
മൂന്നാംപാദ ജി.ഡി.പി രണ്ടാംപാദത്തേക്കാൾ മെച്ചപ്പെടുമെന്നാണ് പൊതു പ്രതീക്ഷ. അതേസമയം, കൊവിഡ് പലരാജ്യങ്ങളിലും വീണ്ടും തലപൊക്കിയത് ആശങ്കയാണ്. ഇന്ത്യയിൽ വ്യാപാരമേഖല തുറന്നു തുടങ്ങിയെങ്കിലും ഉണർവ് പ്രകടമല്ല. ഈ വർഷം ഇതുവരെ നിഫ്‌റ്റി ഒമ്പതു ശതമാനം താഴെയെറിങ്ങി; നിഫ്‌റ്റി ബാങ്കുകൾ 33 ശതമാനവും. കിട്ടാക്കട സമ്മർദ്ദം, വായ്‌പാ വളർച്ചായിടിവ്, നിഴൽ ബാങ്കിംഗ്, പൊതു സാമ്പത്തിക മാന്ദ്യം എന്നിവയാണ് ധനകാര്യ മേഖലയെ വലയ്ക്കുന്നത്.
ബാങ്കുകളുടെ കിട്ടാക്കടം സെപ്‌തംബറോടെ 10 ശതമാനം താഴുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞു. കിട്ടാക്കടം പ്രതീക്ഷിച്ചത്ര കുറഞ്ഞില്ലെന്ന് മാത്രമല്ല, ആസ്‌തിമൂല്യത്തെ കൊവിഡ് തകർക്കുകയും ചെയ്‌തു. വായ്‌പാ വിതരണം കുറഞ്ഞു; സാമ്പത്തിക വളർച്ചയും. ഈ പ്രതിസന്ധി ബാങ്കുകളുടെ ഓഹരി വിലയെ ബാധിക്കുമോ എന്നാണ് നിലവിലെ പ്രധാന ചോദ്യം. ഓഹരി വിപണിയുടെ നല്ല പ്രവർത്തനം എപ്പോഴും ബാങ്കിംഗ് മേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക മൂലധനത്തിന്റെ മൂന്നിലൊന്നും കൈകാര്യം ചെയ്യുന്ന ബാങ്കുകളാണ് സമ്പദ്‌വ്യവസ്ഥയുടെയും വിപണിയുടെയും നട്ടെല്ല്.
2008നെ അപേക്ഷിച്ച് 2020ൽ വിപണിയുടെ പെട്ടെന്നുണ്ടായ തകർച്ച ചില്ലറ നിക്ഷേപകർക്ക് ഗുണമാണ് ഉണ്ടാക്കിയത്. ചെറുകിട നിക്ഷേപകരിൽ മഹാഭൂരിപക്ഷത്തിനും ഗുണനിലവാരമുള്ള ഓഹരികളിൽ നടത്തിയ നിക്ഷേപത്തിന്റെ ഗുണം അവർ നേടി. തൊഴിൽ നഷ്‌ടം കാര്യമായി ഉണ്ടാകാതിരുന്നതും ധനലഭ്യതും സമയലാഭവും അവർക്ക് നേട്ടമായി. അമേരിക്കയും ജപ്പാനും കഴിഞ്ഞാൽ ഏറ്രവും ഗണനീയമായ ഓഹരി വിപണികളിലൊന്നാണ് ഇന്ത്യയിലേത്. ഇന്ത്യൻ ഓങരി വിപണിക്ക് മുന്നേറ്റം നിലനിറുത്താനാകുമോ എന്ന ചോദ്യവും ഉയരുന്നു.
2022 സാമ്പത്തിക വർഷം ഇരട്ടയക്ക വളർച്ച പ്രതീക്ഷിക്കുന്നതിനാലാണ് ഇതു ഗൗരവപ്രശ്‌നമാകുന്നത്. മഹാമാരിയുടെ കാലത്ത്, അടുത്ത് 6-12 മാസത്തേക്ക് വളർച്ചയുടെ യാതൊരു ഗ്യാരന്റിയും ഇല്ലാതെയാണ് കൊവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടിയ വിലയ്ക്ക് ഇപ്പോൾ ട്രേഡിംഗ് നടക്കുന്നത്. ഈ മുന്നേറ്റം ചോദ്യം ചെയ്യപ്പെടാൻ വരും മാസങ്ങളിൽ ഒട്ടേറെ കാരണങ്ങളുണ്ട്. മാർജിൻ ഫണ്ടിംഗിൽ ഈമാസം പ്രതീക്ഷിക്കാവുന്ന നിയമപരമായ മാറ്റം, ഒന്നാംപാദത്തിലെ രണ്ടാംഘട്ട ഫലങ്ങളെ കുറിച്ചുള്ള മോശം പ്രതീക്ഷ, എക്കാലത്തെയും ഉയർന്ന വിലകൾ, അമേരിക്ക-ചൈന വ്യാപാരത്തർക്കം, ആഗോള കറൻസി വിപണിയിലെ ചാഞ്ചാട്ടം എന്നിവ പ്രതിസന്ധികളാണ്.
ആഗോള സ്വർണവിലയിലുണ്ടായ സർവകാല മുന്നേറ്റവും ഡോളർ സൂചിക രണ്ടുവർഷത്തെ താഴ്‌ചയിലേക്ക് പതിച്ചതും വരും മാസങ്ങളിൽ അപകടസാദ്ധ്യത വർദ്ധിക്കുമെന്നതിന്റെ സൂചനയാണ്. ഈ ഘട്ടത്തിൽ ഏറെ ശ്രദ്ധയോടെ വേണം ട്രേഡിംഗ്. സ്വർണം, സർക്കാർ ബോണ്ടുകൾ, ഫാർമ, ഐ.ടി., എഫ്.എം.സി.ജി ഓഹരികൾ എന്നിവയാണ് ഏറ്റവും അഭികാമ്യം.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)