road

തിരുവനന്തപുരം: ശംഖുമുഖത്ത് നിന്ന് വിമാനത്താവളത്തിലേക്കുള്ള ഗൃഹാതുരത്വം ഉണർത്തുന്ന ആ യാത്ര അന്യം നിന്നുപോകില്ല. കടലാക്രമണത്തിൽ തകർന്ന റോഡ് പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. മുമ്പൊക്കെ റോഡ് തകരുമ്പോൾ ചെയ്യുന്നതരത്തിലുള്ള പുനർനിർമ്മാണമല്ല ശംഖുമുഖത്ത് നടക്കാൻ പോകുന്നത്. നല്ല ഒന്നാന്തരം മിലിട്ടറി എൻജിനിയറിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് ശംഖുംമുഖത്തെ റോഡിന് പുനർജീവൻ നൽകുക.

തിരകൾ വിഴുങ്ങിയ റോഡ് അടച്ചു

മൂന്ന് വർഷമായി നിരന്തരം കടൽ കയറുന്ന ശംഖുംമുഖത്ത് റോഡിന് അത്രയേറെ ആയുസ് ഇല്ലാത്ത അവസ്ഥയാണ്. വിശാലമായ രണ്ടുവരി റോഡിന്റെ വലിയൊരു ഭാഗം നേരത്തേ തന്നെ തിരകൾ കൊണ്ടുപോയിരുന്നു. ഗതാഗതത്തിന് റോഡിന്റെ പകുതി മാത്രമാണ് ഏറെക്കാലമായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ആ റോഡിന്റെ മദ്ധ്യഭാഗവും കടന്ന് തിരകൾ സംഹാരതാണ്ഡവമാടി റോഡിനെ തകർത്തു. ശേഷിച്ചിരുന്ന റോഡിന്റെ അടിത്തറയും തിരകൾ മാന്തിപ്പൊളിച്ചു. ഇതോടെ ചരിത്രമുറങ്ങുന്ന എയർപോർട്ട് യാത്രയ്ക്ക് താൽക്കാലികമായെങ്കിലും വിരാമമായി. ഇപ്പോൾ ശംഖുമുഖത്ത് നിന്ന് കാർഗോയുടെ സമീപത്തു കൂടി ഇടത്തേക്കു തിരിഞ്ഞ് കോൺവന്റ് റോഡ് വഴി പഴയ എയർപോർട്ട് ടെർമിനലിനടുത്തെത്തുന്ന ഇടവഴിയിലൂടെയാണ് വാഹനസഞ്ചാരം.

ഇന്ത്യൻ നേവിയുടെ ഉപദേശവും

സംരക്ഷണ ഭിത്തി തകർന്ന് റോഡിന്റെ അടിഭാഗത്തുള്ള മണ്ണ് കടലിലേക്ക് ഒലിച്ചുപോയതാണ് ശംഖുംമുഖത്തെ റോഡ് തകരാൻ ഇടയാക്കിയത്. പലപ്പോഴായി ഇത്തരത്തിൽ മണ്ണ് ഒലിച്ചുപോയതിനാൽ റോഡ‌ിന് ബലക്ഷയം ഉണ്ടായിരുന്നു. വലിയൊരു കടലേറ്റം ഉണ്ടായതോടെ റോഡ് പൂർണമായി തകരുകയും ചെയ്തു. ഇതിന് പരിഹാരമെന്നോണമാണ് മിലിട്ടറി എൻജിനിയറിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചത്. കടലാക്രമണത്തെ ചെറുക്കാൻ കഴിയുന്ന നിലയിൽ ആർ.സി.സി ഡയഫ്രം റീട്ടയിനിംഗ് വാളും റോഡിനൊപ്പം നിർമ്മിക്കും. റോഡ് പുനരുദ്ധാരണത്തിനായി 4.3 കോടി രൂപയാണ് ചെലവിടുക. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റോഡ് ഡിസൈൻ അനുസരിച്ചുള്ള നിർമ്മാണമാണ് തകർന്ന 240 മീറ്ററിൽ നടത്തുക. ഇതിനൊപ്പം തീരദേശ റോഡ് നിർമ്മാണത്തിൽ കൂടുതൽ പ്രാഗത്ഭ്യമുള്ള ഇന്ത്യൻ നേവിയുടെ ഉപദേശവും തേടിയിട്ടുണ്ട്.