rama

അയോദ്ധ്യ: 17,18 നൂ‌റ്റാണ്ടുകളിൽ അന്നത്തെ സന്യാസിമാരുടെ ആവശ്യമായിരുന്നു രാമ ജന്മസ്ഥാന്റെ പുനസ്ഥാപനം. ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന അവിടം ബാബറി മസ്‌ജിദ് നിന്നയിടമാണെന്ന് ചിലരെങ്കിലും വിശ്വസിച്ചു. രാമജന്മസ്ഥലമാണെന്നതിന് വ്യക്തതയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അതോടെ ഇടക്കിടെ അവിടം സംഘർഷഭൂമിയായി മാറി.

പ്രാദേശികമായി ഭൂപടങ്ങൾ നിർമ്മിക്കുന്ന ഒരാളിൽ നിന്ന് ജയ്‌പൂർ രാജകുടുംബം വാങ്ങിയ ഭൂപടത്തിൽ അയോദ്ധ്യ കോട്ടയും നഗരവും വരച്ചിട്ടുണ്ട്. പിന്നീട് 19ആം നൂ‌റ്റാണ്ടിൽ അയോദ്ധ്യ നിൽക്കുന്ന ഫൈസാബാദ് ഭരണകൂടത്തോട് രാമ ജന്മസ്ഥാൻ പുനസ്ഥാപിച്ച് തരേണമെന്ന് ഇവിടെയുള‌ള സന്യാസിമാർ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് 20ആം നൂ‌റ്റാണ്ടിന്റെ പകുതിയിൽ 1949ൽ തുടർന്ന് നടന്ന കേസിലെ വിധിയിൽ ഹിന്ദുക്കളും മുസ്ളീങ്ങളും നിർമോഹി അഖാടയും സ്ഥലത്തിന്റെ സംയുക്ത ഉടമകളാണെന്ന് വിധി വന്നിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്തെ ഹിന്ദു മുസ്ളീം സ്‌പർദ്ധയുടെ അലയൊലികൾ അന്ന് അയോദ്ധ്യയിലുമുണ്ടായി. 1948ൽ നടന്ന ഫൈസാബാദ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബാബ രാഘവ ദാസിന്റെ വിജയം പോലും ഈ സാഹചര്യത്തിലാണ് ഉണ്ടായത്.

ഈ സമയത്താണ് അഭിരാം ദാസ് എന്ന യുവ സന്യാസി അയോദ്ധ്യയിലെത്തിയത്. ക്ഷിപ്രകോപിയും മല്ലന്മാരെ പോലെ ശരീരമുള‌ളയാളുമായിരുന്നു അഭിരാം ദാസ്. ബിഹാറിലെ ദർഭംഗയിൽ നിന്ന് ഓടിയെത്തിയയാളാണ് അഭിരാം ദാസ്. അഭിരാം ദാസ് ബാബറി മസ്‌ജിദിനുള‌ളിൽ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു. തുടർന്ന് ബാബറി മസ്‌ജിദുമായി ബന്ധമുള‌ള എല്ലാ കേസിലും അഭിരാം ദാസിന്റെ ഈ പ്രവർത്തി പരാമർശിക്കപ്പെട്ടു. അയോദ്ധ്യയിലെ ഭരണകേന്ദ്രങ്ങളുമായി വളരെ അടുത്ത ബന്ധം അഭിരാം ദാസിനുണ്ടായിരുന്നു.

സ്വപ്‌നത്തിൽ ശ്രീരാമൻ ജന്മസ്ഥലം തന്നോട് വെളിപ്പെടുത്തിയിരുന്നു എന്നാണ് അഭിരാം ദാസ് കരുതിയിരുന്നത്. ഇത് ബാബറി മസ്‌ജിദ് നിന്നിരുന്ന സ്ഥലമായിരുന്നു. രാമ ഭക്തരായ ഫൈസാബാദ് സി‌റ്റി മജിസ്‌ട്രേ‌റ്റ് ഗുരു ദത്ത് സിംഗ്, ജില്ലാ കളക്‌ടറായ കെ.കെ.നായർ എന്നിവരുടെ സഹകരണത്തോടെ രാമവിഗ്രഹം പള‌ളിയുടെ ഉള‌ളിൽ അഭിരാം ദാസ് സ്ഥാപിച്ചു.

തുടർന്ന് രാമജന്മഭൂമി സ്ഥൽ എന്നറിയപ്പെട്ട ഇവിടെ 1980കളിലും 90കളിലും നടന്ന ശക്തമായ ക്ഷേത്ര സ്ഥാപനത്തിനുള‌ള മുന്നേ‌റ്റങ്ങളുടെ പരിസമാപ്‌തിയാണ് ഇപ്പോൾ സാദ്ധ്യമായിരിക്കുന്നത്.