midnight-sun

ന്യൂഡൽഹി: വായനപ്രേമികളുടെ ബുക്ക് കളക്ഷനിൽ എന്നും ഉണ്ടാവുന്ന ഒന്നാവും ട്വിലൈറ്റ് സീരീസ്. പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ട്വിലൈറ്റ് പരമ്പരയിലെ ഏറ്റവും പുതിയ നോവല്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ ആവേശത്തിലാണ്. മുന്‍പ് ഓണ്‍ലൈന്‍ വഴി പുസ്തകത്തിന്റെ പതിപ്പ് ചോര്‍ന്നതോടെ പ്രസിദ്ധീകരണം അനിശ്ചിതകാലത്തേയ്ക്ക് നീട്ടിവെച്ചതിനു ശേഷമാണ് നോവലിസ്റ്റ് സ്റ്റെഫാനി മേയര്‍ പുതിയ പതിപ്പ് പുറത്തിറക്കിയത്. മിഡ്‌നൈറ്റ് സണ്‍ എന്നാണ് പരമ്പരയിലെ പുതിയ നോവലിന്റെ പേര്.

ലോകത്തു തന്നെ ഏറ്റവുമധികം പതിപ്പുകള്‍ വിറ്റഴിഞ്ഞ ട്വിലൈറ്റ് പരമ്പരയുടെ നോവലിസ്റ്റ് സ്റ്റെഫാനി മേയര്‍ പുതിയ പുസ്തകത്തിന്റെ വരവ് കഴിഞ്ഞ ആഴ്ച തന്നെ സൂചിപ്പിച്ചിരുന്നു. പുസ്തകം പുറത്തിറങ്ങുന്നതിന്റെ കൗണ്ട് ഡൗണ്‍ അവസാനിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആരാധകര്‍ കൂട്ടത്തോടെ ലോഗിന്‍ ചെയ്തതോടെ വെബ്‌സൈറ്റ് ക്രാഷായി. കഥയുടെ ഗതി ഇനി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.

പുതിയ പുസ്തകം പുറത്തിറക്കുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് സ്റ്റെഫാനി മാദ്ധ്യമങ്ങളോടു പ്രതികരിച്ചു. പുസ്തകം പുറത്തിറക്കേണ്ട ശരിയായ സമയം ഇതാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ഏറെ ആരാധകര്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ഥമില്ലെന്നും അവര്‍ വ്യക്തമാക്കി. 2008ലാണ് മിഡ്‌നൈറ്റ് സണ്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്. കഥാകാരിയെന്ന നിലയില്‍ ഇത് വലിയ കോപ്പിറൈറ്റ് ലംഘനമാണെന്നും തന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചില്ല എന്നുമായിരുന്നു അന്ന് സ്റ്റെഫാനി മേയറുടെ പ്രതികരണം. അന്ന് നോവലിന്റെ ആദ്യ ഭാഗം മാത്രം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും പിന്നീട് ബാക്കി ഭാഗം പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതകാലത്തേയ്ക്ക് നീട്ടി വെയ്ക്കുകയുമായിരുന്നു.