തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതുൾപ്പെടെ രോഗ പ്രതിരോധത്തിന് പൊലീസിനെ ചുമതലപ്പെടുത്തിയ സർക്കാർ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. പൊലീസിനെ ചുമതലയേൽപിക്കാനുള്ള നീക്കം അശാസ്ത്രീയമാണെന്ന് ചില കോണുകളിൽ നിന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് കൂടുതൽ രോഗവ്യാപനത്തിൽ വഴിയൊരുക്കുമെന്ന് ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ആരോഗ്യ പ്രവർത്തകരെക്കാൾ നന്നായി സമ്പർക്ക പട്ടിക തയ്യറാക്കാൻ കഴിയുന്നത് പൊലീസിനാണെന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പറയുന്നു. സർക്കാരിന്റെ തീരുമാനം തീർത്തും ഉചിതമായി. വി.കെ. മധു 'കേരളകൗമുദി ഫ്ളാഷി'നോട് സംസാരിക്കുന്നു:
പൊലീസ് വെറും പൊലീസല്ല
കേരളത്തിൽ കൊവിഡ് രോഗം അതിവേഗം വ്യാപിച്ചപ്പോഴും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പൊലീസ് നിലകൊണ്ടു. പൊലീസുകാരുടെ ഇടയിൽ തന്നെ രോഗം ബാധിച്ചിട്ടും അവർ പിന്മാറിയില്ല. ഒരു പ്രദേശത്തെ രോഗബാധിതരുടെ സമ്പർക്ക പട്ടിക കൃത്യമായി മനസിലാക്കാൻ കഴിയുന്നത് പൊലീസിന് തന്നെയാണ്. രോഗി കഴിയുന്നിടത്ത് ആരെല്ലാം വരുന്നു, പോകുന്നു എന്നതെല്ലാം പൊലീസിന് കൃത്യമായി മോണിറ്റർ ചെയ്യാനാകും. അത്ര മികച്ചൊരു സർവയലൻസ് സംവിധാനമാണ് പൊലീസിനുള്ളത്.
ആരോഗ്യപ്രവർത്തകർക്ക് ജോലി ഏറെയുണ്ട്
ആരോഗ്യപ്രവർത്തകർക്ക് കേവലം ഒരു പ്രദേശത്തുള്ളവരുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ പോരല്ലോ. രോഗികളുടെ എണ്ണം കൂടുന്നതിനുസരിച്ച് കൂടുതൽ ടെസ്റ്റുകൾ നടത്തണം, സൗകര്യങ്ങൾ ഒരുക്കണം തുടങ്ങി സുപ്രധാനമായ നിരവധി കാര്യങ്ങൾ അവർക്ക് പരിഗണിക്കേണ്ടി വരും. ഇതിനിടയിൽ പുതിയ രോഗികളുടെ സമ്പർക്ക പട്ടികയും മറ്റും തയ്യാറാക്കുക എന്നത് ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്. യഥാർത്ഥത്തിൽ ഈ ജോലി പൊലീസിനെ ഏൽപ്പിക്കുന്നതിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ജോലിഭാരം കുറയുകയും അതോടൊപ്പം തങ്ങളുടെ ചുമതല കൂടുതൽ പ്രാധാന്യത്തോടെ നിറവേറ്റാൻ അവർക്ക് കഴിയുകയും ചെയ്യും.
കാസർകോട് ഉദാഹരണം
കേരളത്തിന്റെ വടക്കേ അറ്റമായ കാസർകോട് കൊവിഡ് രോഗം ആശങ്കപ്പെടുത്തുന്ന വിധത്തിൽ പടർന്നപ്പോൾ പൊലീസ് സ്വീകരിച്ച കർശന നടപടികളാണ് ആശ്വാസമായത്. ലാത്തി കൊണ്ടടിച്ചും മൂന്നാംമുറ പ്രയോഗിച്ചും ഒന്നുമല്ല അവർ വിജയം കണ്ടത്. മറിച്ച് ആരോഗ്യപ്രവർത്തകർ ഏത് രീതിയിൽ പ്രവർത്തിക്കുന്നോ അതേ രീതി തന്നെ പൊലീസും അവലംബിച്ചു. ഇതിനർത്ഥം ആരോഗ്യപ്രവർത്തകരെ പോലെതന്നെ പൊലീസിനും സർവയലൻസ് സംവിധാനം ഒരുക്കാനാകുമെന്നാണ്. ഇളവുകൾ അനുവദിച്ചതോടെ പൊലീസ് അൽപം ഒന്ന് പിന്നോട്ട് മാറിയപ്പോൾ സംഭവിച്ചതെന്താണെന്ന് നമുക്ക് അനുഭവമുള്ളതാണ്. ഇപ്പോൾ രോഗികളുടെ എണ്ണം കൂടിയതിന് കാരണം പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ വന്ന വീഴ്ച കൊണ്ടാണ്. നിരീക്ഷണത്തിലുള്ളവർ പോലും ഇറങ്ങി നടക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടാകാം. അവരെ കണ്ടെത്തുകയും പുറത്തിറങ്ങുന്നവരെ വീട്ടിലിരുത്താനും പൊലീസ് തന്നെ വേണമെന്നതാണ് വസ്തുത. ക്വാറന്റൈൻ നിരീക്ഷണം ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി നടത്തുന്നതിൽ എതിർപ്പില്ല. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആവശ്യമായ നിർദ്ദേശം ആരോഗ്യ പ്രവർത്തകർ നൽകും. എന്നാൽ ക്വാറൻൈൻ ലംഘനം ഉണ്ടാകാതിരിക്കാൻ പൊലീസ് തന്നെവേണം.