beirute-blast

മരണം 100 കടന്നു, 4000ത്തിലധികം പേർക്ക് പരിക്ക്

കാരണക്കാരായവർ വൻ വില കൊടുക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി

സഹായഹസ്തവുമായി രാജ്യങ്ങൾ

ബെയ്‌റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ചൊവ്വാഴ്ച വൈകിട്ട് ആറോടെ നടന്ന ഉഗ്രസ്‌ഫോടനത്തിൽ മരണം 100 കടന്നു. 4,000ത്തോളം പേർക്ക് പരിക്കേറ്റതായി ലണ്ടനിലെ റെഡ്‌ക്രോസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന 2,​750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് സർക്കാർ പറയുന്നത്. കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇത്രയും കാലം സ്ഫോടക വസ്തു സൂക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നും ലെബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്‌ബ് പറഞ്ഞു. 'ഇതിന്റെ ഉത്തരവാദികളാരായാലും അവർ കനത്ത വില നൽകേണ്ടി വരും.'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച സർക്കാർ ബെയ്‌റൂട്ടിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിന്റെ തുറമുഖ പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനത്തിന് പിന്നാലെ തുടർ സ്‌ഫോടനങ്ങൾ നടന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ദൂരെയുള്ള നിരവധി കെട്ടിടങ്ങളുടെ ചില്ലുകൾ ഉൾപ്പെടെ തകർന്നു. ആളുകൾ ആദ്യം കരുതിയത് ശക്തമായ ഭൂചലനമാണെന്നാണ്. പിന്നീടാണ് സ്‌ഫോടന വാർത്ത പുറത്തുവന്നത്. ആക്രമണമാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആഭ്യന്തര സുരക്ഷാ സേന ഇത് തള്ളി. 'ബെയ്റൂട്ട് തുറമുഖത്തിന് അടുത്തുള്ള സംഭരണശാലയിൽ സ്‌ഫോടകശേഷിയുള്ള വസ്തുക്കൾക്ക് തീപിടിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം, ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ല ഉണ്ടായതെന്ന്" ലെബനൻ ആഭ്യന്തരസുരക്ഷാ സേന തലവൻ വ്യക്തമാക്കിയത്. കൊവിഡ് ഭീതിയിലും സാമ്പത്തിക പ്രതിസന്ധിയിലും വലയുന്ന ബെയ്റൂട്ടിൽ നീണ്ട വർഷങ്ങൾക്കിടയിലുണ്ടാകുന്ന ഏറ്റവും ശക്തമായ സ്ഫോടനമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 'സ്ഫോടനം നടന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുന്നു. ചുറ്റും തകർന്ന കെട്ടിടങ്ങുടെ അവശിഷ്ടങ്ങൾ, തീയും പുകയും."- ദൃക്‌സാക്ഷി പറയുന്നു.240 കിലോമീറ്റർ അകലെയുള്ള സൈപ്രസ് ദ്വീപ് വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്ന റിപ്പോർട്ടുകൾ സ്‌ഫോടനത്തിന്റെ ഉഗ്രത വെളിപ്പെടുത്തുന്നു. 2005ൽ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായിരിക്കുന്നത്‌.

കൂൺമേഘം, ചുവന്ന തീ...

'ഹിരോഷിമയിലെ ആണവ ദുരന്തത്തിന് സമാനമായ ദുരന്തം' ബെയ്റൂട്ടിലെ സ്ഫോടനത്തെ ഗവർണർ മർവാഡ് അബൗഡ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. അദ്ദേഹം മാത്രമല്ല, സ്ഫോടനത്തെ തുടർന്ന് ആകാശം മുട്ടുന്ന കൂറ്റൻ കൂണുപോലെ പുക ഉയരുന്നതും ചുവന്ന തീയും വീഡിയോ ദൃശ്യങ്ങളിൽ കണ്ട പലരും ലോകത്ത് വീണ്ടും ഒരു ആണവസ്ഫോടനമുണ്ടായെന്നാണ് കരുതിയത്. പിന്നീട് ചുവന്ന തീക്ക് പിന്നിൽ അമോണിയം നൈട്രേറ്റാണെന്ന് വിശദീകരണം വന്നു. എന്നാൽ സോഷ്യൽമീഡിയ 1917ലെ ഹാലിഫാക്സ് സ്ഫോടനത്തോടാണ് ഇതിനെ ഉപമിച്ചത്. ഒന്നാംലോക മഹയുദ്ധത്തിനിടെ കാനഡയിലെ ഹാലിഫാക്സ് തുറമുഖത്ത് രണ്ട് കപ്പലുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. ഒരു കപ്പൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നതും മറ്റൊന്ന് ആയുധകോപ്പുകളായിരുന്നു. അന്നത്തെ സ്ഫോടനത്തിൽ 1,963 പേർ മരിച്ചു. 9,000 ആളുകൾക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ തീവ്രത വിളിച്ചോതിയത് 1,600 അടി വരെ ഉയരത്തിൽ പൊങ്ങിയ പുകയാണ്.

'ബെയ്റൂട്ടിലുണ്ടായത് സ്ഫോടനമല്ല, ആക്രമണമാണ്.'

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

സഹായഹസ്തം നീട്ടി രാജ്യങ്ങൾ

ഇറാൻ, ഇസ്രയേൽ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം അഗ്നിശമനസേനാംഗങ്ങൾ, മരുന്നുകൾ, ഭക്ഷണപായ്ക്കറ്റ് തുടങ്ങി ബെയ്‌റൂട്ടിലെത്തിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. ഫ്രാൻസ് രണ്ട് സൈനിക വിമാനങ്ങളിലായി രക്ഷാപ്രവർത്തകരടങ്ങിയ വിദഗ്ദ്ധ സംഘത്തെ അയച്ചു. ഇതിൽ 15 ടൺ ശുചീകരണ വസ്തുക്കളും 500 പേരെ ചികിത്സിക്കാനുതകുന്ന മൊബൈൽ ക്ളിനിക്കുമുണ്ട്. പരിക്കേറ്റവർക്ക് വൈദ്യസഹായമെത്തിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി പറഞ്ഞു. ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയും രക്ഷപ്രവർത്തന രംഗത്തുണ്ട്.

എന്താണ് അമോണിയം നൈട്രേറ്റ് ?

അമോണിയം നൈട്രേറ്റ് ( NH₄NO₃) ക്രിസ്റ്റൽ പരുവത്തിലുള്ള രാസവസ്തുവാണ്.

ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന രാസവളങ്ങളിലൊന്ന്. മണ്ണിലെ നൈട്രജൻ സാന്നിദ്ധ്യം മെച്ചപ്പെടുത്താനാണ് കർഷകർ ഇത് ഉപയോഗിക്കുന്നത്.

ക്വാറികളിൽ സ്‌ഫോടകവസ്‌തുവായി ഉപയോഗിക്കുന്നു. അമോണിയം നൈട്രേറ്റ് ഫ്യൂവൽ ഓയിലുമായി കലർത്തി, ഒരു ഡിറ്റണേറ്റർ വച്ച് പൊട്ടിക്കും.

ഭരണ സാമ്പത്തി​ക അരാജകത്വത്താൽ മുങ്ങി​യതാണ് ലെബനൻ. സ്ഫോടന സ്ഥലത്ത് ഇത്രയും അമോണി​യം നൈട്രേറ്റ് ശേഖരി​ക്കാൻ അനുമതി​ നൽകി​യി​ട്ടി​ല്ല. സർക്കാർ ദേശീയ തലത്തി​ൽ അന്വേഷണം പ്രഖ്യാപി​ച്ചി​ട്ടുണ്ട്. ഇസ്താബുൾ എന്ന തീവ്രവാദി​ സംഘടനയ്ക്ക് സംഭവത്തി​ൽ പങ്കുണ്ടെന്ന ആരോപണമുണ്ടെങ്കി​ലും ഔദ്യോഗി​ക സ്ഥി​രീകരണമായി​ട്ടി​ല്ല
കെ.ജി​ ഓമനക്കുട്ടൻ, കോംഗോ മലയാളി