ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുളള ഭൂമി പൂജയിലും തറക്കല്ലിടൽ ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതോടെ അവസാനിച്ചത് അദ്ദേഹം ചെയ്തൊരു ഉഗ്ര ശപഥമായിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുമ്പോൾ മാത്രമേ താൻ അയോദ്ധ്യയിലേക്ക് പോകൂ എന്ന് 1992ലാണ് മോദി ശപഥമെടുത്തത്. അത് അദ്ദേഹം അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. ശപഥം ചെയ്ത് 28 വർഷത്തിനുശേഷം ഇന്നാണ് അദ്ദേഹം അയാേദ്ധ്യയിൽ കാലുകുത്തിയത്. ഒരു നിയോഗം പോലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടാനും അദ്ദേഹത്തിന് തന്നെ കഴിഞ്ഞു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ ബി ജെ പി നേതാവ് മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായുളള തിരംഗ യാത്രയുടെ കൺവീനറായിരിക്കുമ്പോഴാണ് മോദി അവസാനമായി അയോദ്ധ്യ സന്ദർശിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം ഫൈസാബാദ്-അംബേദ്കർ നഗറിന്റെ അതിർത്തിവരെ എത്തിയിരുന്നെങ്കിലും അയോദ്ധ്യയിലേക്ക് മോദി വന്നില്ല. ശപഥത്തെക്കുറിച്ച് അറിയാമായിരുന്നിട്ടായിരിക്കണം അയോദ്ധ്യ സന്ദർശിക്കാൻ ആരും അദ്ദേഹത്തെ നിർബന്ധിച്ചതുമില്ല. തന്റെ തിരഞ്ഞെടുപ്പു റാലികളിൽ വിഷയം പരാമർശിക്കുന്നതും ഒഴിവാക്കിയിരുന്നു.
രാമജന്മഭൂമി സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദിയെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ഇന്ന് ഉച്ചയ്ക്കാണ് മോദി രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത്. തലമുറകളുടെ ജീവത്യാഗം ഫലം കണ്ടു. രാമൻ നമ്മുടെ മനസിലും ഹൃദയത്തിലുമാണ് ജീവിക്കുന്നത്. ജനമനസ് പ്രകാശഭരിതമായ ദിനമാണ് ഇതെന്നും തറക്കല്ലിടലിന് ശേഷം നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.