ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് രജതശില. വേദമന്ത്രങ്ങളും ശ്രീരാമജയ ഘോഷങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിൽ രാമജന്മഭൂമിയിലെ ക്ഷേത്ര നിർമ്മാണത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം വരുന്ന വെള്ളിശില സ്ഥാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ഭൂമിപൂജയ്ക്കിടെയായിരുന്നു ശിലാന്യാസം.
കാത്തിരിപ്പിന്റെ നൂറ്റാണ്ടുകൾ കടന്നെത്തിയ ഐതിഹാസിക നിമിഷമാണ് ഇതെന്നും അയോദ്ധ്യയിൽ ഇന്ത്യ ഒരു സുവർണാദ്ധ്യായം രചിക്കുകയാണെന്നും പിന്നീടു നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു. 29 വർഷം മുമ്പ് അയോദ്ധ്യാ സന്ദർശനം നടത്തിയിട്ടുള്ള മോദി, അതിനു ശേഷമെത്തുന്നത് ഇന്നലെ രാമക്ഷേത്ര ഭൂമിപൂജയ്ക്ക്.
ഡൽഹിയിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ ലക്നൗവിലെത്തിയ മോദി, ഹെലികോപ്ടറിൽ അയോദ്ധ്യയിലേക്ക് പോവുകയായിരുന്നു. സാകേത് കോളേജ് ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടർന്ന് ഹനുമാൻ ഗഡി ക്ഷേത്രദർശനത്തിനു ശേഷം രാമജന്മഭൂമിയിലേക്ക്. താത്ക്കാലിക ക്ഷേത്രത്തിലെ രാംലല്ലയുടെ (ശ്രീരാമന്റെ ബാലപ്രതിഷ്ഠ) സന്നിധിയിൽ സാഷ്ടാംഗപ്രണാമം. ക്ഷേത്രഭൂമിയിൽ പാരിജാതത്തിന്റെ തൈ നട്ട് ശിലാഫലകം അനാവരണം ചെയ്ത മോദി രാമക്ഷേത്രത്തിന്റെ ചിത്രമുള്ള സ്റ്റാമ്പ് പ്രകാശിപ്പിക്കുകയും ചെയ്തു.
ശിലാസ്ഥാപന വേദിയിലെത്തിയ പ്രധാനമന്ത്രി, സർവചരാചരങ്ങൾക്കായും ഭഗവാൻ ശ്രീരാമചന്ദ്രനോട് പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞു. തുടർന്ന് ഇരുപതു മിനിറ്റോളം വേദി മന്ത്രമുഖരിതം. ഉച്ചയ്ക്ക് 12.44നു ശേഷം 32 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള മുഹൂർത്തമാണ് ശിലാന്യാസത്തിനായി നിശ്ചയിച്ചിരുന്നത്. 12.44 കഴിഞ്ഞ് എട്ടു സെക്കൻഡ് പിന്നിട്ടപ്പോൾ പ്രധാനമന്ത്രി രാമജന്മഭൂമിയുടെ പവിത്രഭൂമിയിൽ വെള്ളിശില സ്ഥാപിച്ചു.
ഭൂമിപൂജാ ചടങ്ങുകൾ 2.30 വരെ നീണ്ടു. ഹോമകുണ്ഡത്തിനു സമീപമിരുന്ന് മോദി ശിലാപൂജയിൽ പങ്കാളിയായി.
ആർ.എസ്.എസ് അദ്ധ്യക്ഷൻ മോഹൻ ഭാഗവത്, യു.പി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരും മോദിക്കൊപ്പം വേദിയിലുണ്ടായിരുന്നു. ഇവർ മറ്റ് ഒൻപതു ശിലകളും സ്ഥാപിച്ചു. സന്യാസി പരമ്പരകളുടെ പ്രതിനിധികളായി 135 സന്യാസിമാർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട175 പേർ ചടങ്ങിൽ പങ്കെടുത്തു.കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.
2000 കേന്ദ്രങ്ങളിലെ പവിത്രമണ്ണ്, 3 ദിവസത്തെ വേദകർമ്മങ്ങൾ
ലക്നൗ: ക്ഷേത്ര ശിലാസ്ഥാപനത്തിനു മുന്നോടിയായി മൂന്ന് ദിവസമായി വേദവിധിപ്രകാരമുള്ള ചടങ്ങുകൾ ശ്രീരാമ ജന്മഭൂമിയിൽ നടന്നു വരികയായിരുന്നു. ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണീ സംഗമമായ പ്രയാഗ്രാജ്, തലക്കാവേരിയിലെ കാവേരി, അസാമിലെ കാമാഖ്യ ക്ഷേത്രം, ഹിമാലയത്തിലെ ചാർധാം എന്നറിയപ്പെടുന്ന ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാർ നാഥ്, വിവിധ ഗുരുദ്വാരകൾ, ജൈന ക്ഷേത്രങ്ങൾ, പാകിസ്ഥാനിലെ ശാരദാപീഠം തുടങ്ങി രണ്ടായിരം പുണ്യകേന്ദ്രങ്ങളിൽ നിന്ന് മണ്ണും ജലവും ശിലാസ്ഥാപന കർമത്തിനായി നേരത്തേ എത്തിച്ചിരുന്നു.
പുതിയ ചരിത്രം, ഉയരട്ടെ
സ്നേഹക്ഷേത്രം: മോദി
രാമക്ഷേത്ര നിർമ്മാണത്തിന് ശില പാകിയ ചരിത്രനിമിഷം തുടക്കം കുറിച്ചത് പുതിയ അദ്ധ്യായത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അസ്തിവാരത്തിന്മേലാകണം ക്ഷേത്ര നിർമ്മാണമെന്നും ശിലാന്യാസത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം രാമജന്മഭൂമി മോചിതമായിരിക്കുന്നു. വർഷങ്ങളായി താത്കാലിക കൂടാരത്തിൽ പ്രതിഷ്ഠിച്ചിരുന്ന രാംലല്ലയ്ക്കായി മഹത്തായ ക്ഷേത്രം ഉയരുകയാണ്. ലോകത്തെവിടെയുമുള്ള ശ്രീരാമഭക്തരുടെ ഹൃദയത്തിൽ ആഹ്ളാദം തിരതല്ലുകയാണ്. തങ്ങളുടെ ജീവിതകാലത്ത് രാമക്ഷേത്രം യാഥാർത്ഥ്യമാകുമെന്ന് പലരും പ്രതീക്ഷിച്ചതല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം തലമുറകളുടെ ത്യാഗത്തെ പ്രതിനിധാനം ചെയ്യുന്നതുപോലെ, രാമക്ഷേത്രത്തിനായുള്ള ആത്മസമർപ്പണത്തിന്റെ ദിനമാണ് ആഗസ്റ്റ് 5. മറ്റുള്ളവരുടെയും താത്പര്യങ്ങൾ ഉൾക്കൊണ്ട് ക്ഷമയോടെ കാത്തിരുന്ന ഭക്തകോടികളുടെ സംയമനത്തിന്റെ പ്രതീകം കൂടിയാണ് തറക്കല്ലിടൽ ദിനമെന്നും മോദി പറഞ്ഞു.ഭാരതീയ സംസ്കാരത്തിന്റെ അസ്തിവാരമാണ് ശ്രീരാമൻ. രാമക്ഷേത്രം പൂർത്തിയാകുമ്പോൾ അത് രാജ്യത്തിന്റെ സാംസ്കാരിക പ്രതിരൂപമാകും. സാംസ്കാരികമായ അസ്തിത്വം ഇല്ലാതാക്കാൻ പല ശ്രമങ്ങളുമുണ്ടായെങ്കിലും, അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രം അനശ്വര വിശ്വാസത്തെയും ദേശത്തിന്റെ ആത്മാവിനെയും പ്രതിനിധാനം ചെയ്യുന്നതാകും. തലമുറകളെ പ്രചോദിപ്പിക്കുന്ന ഇച്ഛാശക്തിയുടെ പ്രഭവകേന്ദ്രമാകും അത്. ശ്രീരാമ സന്ദേശവും ഭാരതത്തിലെ പുരാതന ആചാരരീതികളും ഇതോടൊപ്പം ലോകമെങ്ങുമെത്തുമെന്നും മോദി പറഞ്ഞു.