genoa-bridge

റോം : മാർച്ച് പകുതി മുതൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇറ്റലി നിശ്ചലമായിരുന്നു. കോടിക്കണക്കിന് ജനങ്ങൾ അവരവരുടെ വീടുകൾക്കുള്ളിൽ തന്നെ കഴിച്ചു കൂട്ടി. എന്നാൽ അപ്പോഴും ലോക്ക്ഡൗണിനോ കൊറോണ വൈറസിനോ ഇറ്റലിയിൽ ഒരു പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് മാത്രം തടയിടാൻ സാധിച്ചില്ല.

രാവും പകലും വ്യത്യാസമില്ലാതെ ജനോവയിൽ നടന്നുകൊണ്ടിരുന്ന ആ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇറ്റലി വിജയകരമായി പൂർത്തിയാക്കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഗ്യൂസെപ് കോന്റെ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു.

കൊവിഡ് കാലത്തും ഈ പാലം പണിയ്ക്ക് മാത്രം ഇറ്റാലിയൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരുന്നതിന് ഒരു കാരണമുണ്ട്. 2018ൽ ഇവിടെ തകർന്നുവീണ് 43 പേരുടെ മരണത്തിനിടെയാക്കിയ കൂറ്റൻ മൊറാൻഡി പാലത്തിന്റെ സ്ഥാനത്താണ് ഇപ്പോൾ പുതിയ പാലം നിർമിച്ചിരിക്കുന്നത്. സാൻ ജോർജിയോ എന്നാണ് പുതിയ പാലത്തിന്റെ പേര്.

genoa-bridge

വടക്കൻ ഇറ്റലിയിലെ ലിഗുറിയാ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പുതിയ പാലത്തിന്റെ നിർമാണം രാജ്യം ലോക്ക്ഡൗണിൽ കഴിയുമ്പോഴും മുടക്കമില്ലാതെ തുടർന്നു. മധ്യ ജെനോവയിലെ വിമാനത്താവളവും പടിഞ്ഞാറൻ ജെനോവയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. 300 അടിയോളം ഉയരവുമുണ്ട്.

ജെനോവയിലെ മൊറാൻഡി ഹൈവേ പാലം 2018 ഓഗസ്റ്റ് 14ന് ശക്തമായ മഴയെ തുടർന്നാണ് തകർന്നു വീണത്. പാലത്തിന് താഴെ റെയിൽവേ ട്രാക്കാണ് കടന്നുപോകുന്നത്. അപകട സമയം പാലത്തിലുണ്ടായിരുന്ന ഡസൻ കണക്കിന് കാറുകളും ട്രക്കുകളും റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ 43 പേരാണ് മരിച്ചത്.

വർഷങ്ങളായി മൊറാൻഡി പാലം ഘടനാപരമായ പ്രശ്നങ്ങളുടെ നിഴലിലായിരുന്നു. നിരവധി തവണയാണ് പാലത്തിൽ ചെലവേറിയ അറ്റക്കുറ്റപ്പണികൾ നടത്തിയത്. പാലം തകർന്നതോട് കൂടി സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളും ഉയർന്നിരുന്നു. 2019 ഒക്ടോബറിലാണ് തകർന്ന പാലത്തിന്റെ സ്ഥാനത്ത് പുതിയതിന്റെ നിർമാണം ആരംഭിച്ചത്.

genoa-bridge

പ്രമുഖ ഇറ്റാലിയൻ ആ‌ർക്കിടെക്ട് ആയ റെൻസോ പിയാനോയാണ് പുതിയ മൊറാൻഡി പാലം രൂപ കല്പന ചെയ്തിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യയിലാണ് പാലത്തിന്റെ നിർമാണം.

തകർച്ചയുടെ വക്കിൽ നില്ക്കുന്ന നിരവധി പാലങ്ങളും റോഡുകളും ഇനിയും ഇറ്റലിയിൽ ഉണ്ട്. ഏപ്രിൽ ആദ്യം ജെനോവ, ഫ്ലോറൻസ് നഗരങ്ങൾക്കിടയിൽ മാസാ കരാറ പ്രവിശ്യയിൽ ടുസ്‌കാനിയിൽ 850 അടി നീളവും 27 അടി ഉയരവുമുള്ള ഭീമൻ പാലം തകർന്നു വീണിരുന്നു. സാധാരണ നല്ല തിരക്കനുഭവപ്പെടുന്ന ഇവിടെ ലോക്ക്ഡൗണായതിനാൽ വാഹനങ്ങളൊന്നും കടന്നുപോയിരുന്നില്ല. പാലം ഉൾപ്പെടുന്ന എസ്.എസ് 330 റോഡിൽ പൊതുഗതാഗതം നിരോധിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായിരുന്നു.