fox1

ബെർലിൻ: സെലെണ്ടർഫിൽ സ്വദേശി ക്രിസ്റ്റ്യൻ മെയർ എന്ന യുവാവ് ജർമനിയിലെ പ്രമുഖ സമൂഹമാദ്ധ്യമങ്ങളിലൊന്നിൽ തന്റെ ചെരിപ്പും ഷൂവുമൊക്കെ സ്ഥിരമായി മോഷണം പോകുന്നതായി പോസ്റ്റിട്ടു. അപ്പോഴതാ 100ഓളം ആളുകൾ സമാനപരാതിയുമായി പോസ്റ്റിന് താഴെ എത്തി. ഇതോടെ സംഭവം ചർച്ചയായി. ചെരിപ്പുകള്ളനെ കണ്ടെത്താനായി എല്ലാവരുടെയും ശ്രമം.

വീടിന് പുറത്ത് ഊരിയിടുന്ന ചെരിപ്പുകൾ എല്ലാം അജ്ഞാതനായ ഒരാൾ മോഷ്ടിക്കുന്നു. മിക്കവാറും എല്ലാത്തരം പാദരക്ഷകളും മോഷണം പോയതോടെ ആളുകൾ കള്ളനെത്തേടിയിറങ്ങി.

ഒടുവിൽ അവർ ആ കള്ളനെ കണ്ടെത്തിയെങ്കിലും വെറുതേ വിട്ടു എന്നു മാത്രമല്ല അതുവരെ കള്ളനോടുണ്ടായിരുന്ന എല്ലാ ദേഷ്യവും അമ്പരപ്പിലേക്കും പിന്നീട് തമാശയിലേക്കും മാറിപ്പോയി. കാരണം ചെരുപ്പുകളും ഷൂവുമൊക്കെ അടിച്ചുമാറ്റിയ കള്ളൻ ഒരു കുറുക്കനായിരുന്നു!

ഈ കുറുക്കനെ പിന്തുടർന്ന് എത്തിയപ്പോൾ കണ്ടത് അടിച്ചുമാറ്റി കൂട്ടിയ പാദരക്ഷകളുടെ വിപുലമായ ശേഖരം. തുടർന്ന് ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.