വാഷംഗ്ടൺ: ഗ്രീൻ കാർഡ്, എച്ച് 1ബി വിസ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡെമോക്രാറ്റിക് പാർട്ടി പ്ലാറ്റ്ഫോമിന്റെ കരട് പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ പുറത്തിറക്കുന്ന പ്രകടന പത്രികയ്ക്കു സമാനമായി യു.എസിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടികൾ പ്രസിദ്ധീകരിക്കുന്നതാണ് പാർട്ടി പ്ലാറ്റ്ഫോം.
യു.എസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിൽനിന്ന് ചില വിഭാഗം കുടിയേറ്റക്കാരെ വിലക്കുന്ന നിലവിലെ നിയമം റദ്ദാക്കുമെന്ന് ഡെമോക്രാറ്റിക് പ്ലാറ്റ്ഫോമിൽ പറയുന്നു. ഏപ്രിലിലാണ് ഗ്രീൻ കാർഡ് സംബന്ധിച്ച പുതിയ നിയമത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചത്. കൊവിഡ് മൂലമുള്ള തൊഴിൽ നഷ്ടത്തിൽനിന്ന് യു.എസ് പൗരന്മാരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നായിരുന്നു വിശദീകരണം. എച്ച് 1ബി വിസ വിതരണവും ട്രംപ് ഭരണകൂടം നിറുത്തിവച്ചിരുന്നു. അതേസമയം, നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച് 1ബി വിസ വിതരണം പുനരാരംഭിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
ജൂലായ് 27ന് ചേർന്ന പ്ലാറ്റ്ഫോം കമ്മിറ്റിയാണ് 90 പേജുള്ള പ്ലാറ്റ്ഫോമിന്റെ കരട് പ്രസിദ്ധീകരിച്ചത്. വിസ്കോൻസെനിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷനിൽ ഇതിന് അംഗീകാരം നൽകും. ഈമാസം 17 മുതൽ 20 വരെ നടക്കുന്ന നാല് ദിവസത്തെ കൺവൻഷൻ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെ നവംബർ 3 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഔദ്യോഗികമായി നാമനിർദേശം ചെയ്യും.