kalabhavan-mani

നാടൻ പാട്ടുകളും നർമ്മവുമായി മലയാളിയെ ചിരിപ്പിച്ച കലാഭവന്‍ മണി ഓർമ്മയായിട്ട് നാല് വർഷം പിന്നിട്ടു.

കലാഭവന്‍ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മണി കലാഭവന്‍ താരമായിരുന്ന കാലത്ത്, 1992ല്‍ നടന്ന ഗള്‍ഫ് പര്യടനത്തിനിടെ ഖത്തറില്‍ വച്ച് ഏ.വി.എം ഉണ്ണി നടത്തിയ അഭിമുഖമാണ് ഇത്. കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം ഇതാണെന്നാണ് കരുതപ്പെടുന്നത്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പുറത്തെത്തിയിരിക്കുന്നത്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനും സമൂഹമാദ്ധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങളിലേയ്ക്ക് :

ഒറ്റയ്ക്ക് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കലാകാരന്‍ എന്ന നിലയില്‍ നിന്നുമാറി കലാഭവന്‍ എന്ന പ്രശസ്ത ട്രൂപ്പിന്റെ ഭാഗമായതിലുള്ള അഭിമാനം മണിയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം. ചിരിയെക്കുറിച്ചും മിമിക്രി വേദിയിലേക്കെത്തുന്ന യുവതലമുറയോട് തനിക്കുള്ള നിര്‍ദേശത്തെക്കുറിച്ചുമൊക്കെ എട്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള അഭിമുഖത്തില്‍ മണി മനസ് തുറക്കുന്നുണ്ട്. മിമിക്രിയിലേക്കെത്തുന്ന യുവാക്കള്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്ന ചോദ്യത്തിന് ഇങ്ങനെയും മറുപടി പറയുന്നു അദ്ദേഹം- 'കഠിനാധ്വാനം ചെയ്യണം. മിമിക്രി എന്നു പറയുമ്പോള്‍ എളുപ്പമായ ഒരു കാര്യമാണെന്നാണ് എല്ലാവരുടെയും വിചാരം. എളുപ്പമല്ല, ഭയങ്കര ബുദ്ധിമുട്ട് പിടിച്ച ഒരു പരിപാടി തന്നെയാണ് മിമിക്രി'.

സമൂഹത്തിന് ഒരുപാട് ഗുണപാഠങ്ങൾ നൽകാൻ മിമിക്രി കലാകാരന്മാർക്ക് കഴിയുമൊന്നും കലാഭവനിൽ എത്തുന്നതിന് മുൻപും ശേഷവുമുള്ള വ്യത്യാസങ്ങളും മണി വിശദീകരിച്ചു.

1984 മുതല്‍ ഖത്തറിലെ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശിയാണ് ഏ.വി.എം ഉണ്ണിയെന്ന മുഹമ്മദ് ഉണ്ണി. ഗള്‍ഫിലെത്തിയ അനേകം ചലച്ചിത്ര, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകരെ അദ്ദേഹം അഭിമുഖം ചെയ്തിട്ടുണ്ട്.