തിരുവനന്തപുരം: കൊവിഡ് കാലത്ത് പൊലീസിലെ കേസ് അന്വേഷണങ്ങൾ ഇനി അപ്പാടെ താളംതെറ്റും. കേസ് അന്വേഷണചുമതലയുള്ള ക്രൈംവിഭാഗത്തിലെ പൊലീസുകാരെ കൂട്ടമായി കൊവിഡ് ബാധിതരുടെ സമ്പർക്കപ്പട്ടിക ഉൾപ്പെടെ തയ്യറാക്കാൻ നിയോഗിച്ചതാണ് സേനയിൽ പുതിയ പ്രതിസന്ധിയ്ക്ക് കാരണം. അന്വേഷിച്ചുകൊണ്ടിരുന്ന ഫയലുകൾ കെട്ടി ഒതുക്കിയ ശേഷം ഇന്നലെ മുതലാണ് പൊലീസ് പുതിയ ജോലി ആരംഭിച്ചത്.

കൊവിഡ് കാലത്ത് കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളും പൊതുസ്ഥലങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കുന്നതിനുള്ള ചുമതലകൾക്കും പുറമേയാണ് കൊവിഡ് ബാധിതരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ക്വാറന്റൈൻ ഉറപ്പാക്കൽ, കണ്ടെയ്ൻമെന്റ് സോണുകളുടെ മാപ്പ് തയ്യാറാക്കൽ തുടങ്ങിയ ചുമതലകൾ കൂടി പൊലീസിന് നൽകിയത്. ഓരോ സ്‌റ്റേഷനിലും എസ്.ഐയുടെ നേതൃത്വത്തിൽ നാലംഗ സംഘത്തെയാണ് സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന് നിയോഗിച്ചിരിക്കുന്നത്. ക്രൈം വിഭാഗത്തിലുള്ളവരെയാണ് ഇതിനായി നിയോഗിച്ചത്. ഓരോ സ്റ്റേഷനിലും 10 പേരുണ്ടായിരുന്ന ക്രൈം വിഭാഗത്തിൽ നിന്ന് എട്ടുപേരെയും കൊവിഡ് ഡ്യൂട്ടിക്ക് മാറ്റി. വനിതാപൊലീസുകാർ ഉൾപ്പെടെ നാലുപേർ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്. വിളിച്ചിട്ടു കിട്ടാത്തവരുടെ വീടുകളിൽ പോകാനും, ക്വാറന്റൈൻ നിരീക്ഷിക്കാനും രണ്ടു പേർ, കണ്ടെയ്‌മെന്റ് സോണുകളുടെ മാപ്പ് തയ്യാറാക്കാൻ മറ്റു രണ്ടു പേർ. ക്രൈംവിഭാഗത്തിൽ അവശേഷിക്കുന്ന രണ്ട് പേരാവും ഇനി അങ്ങോട്ട് കേസ് അന്വേഷിക്കേണ്ടത്. ക്രൈം വിഭാഗം ദുർബലപ്പെട്ടതോടെ കേസ് അന്വേഷണങ്ങൾ ഇനി പ്രതീക്ഷിക്കുന്നത്ര വേഗത്തിൽ മുന്നോട്ട് നീങ്ങില്ല. വൈറസിനെ വരുതിയിലാക്കി കൊവിഡ് ഡ്യൂട്ടികഴിഞ്ഞ് മറ്റുള്ള പൊലീസുകാർ മടങ്ങിയെത്തുമ്പോഴേക്കും പിടികിട്ടാപ്പുള്ളികൾ നാട്ടിൽ മറ്റൊരു ഭീഷണിയായി മാറുമോ എന്ന് ആശങ്കയുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്‌സ്, ആശാവർക്കർമാർ എന്നിവർ ചേർന്നാണ് സമ്പർക്കപ്പട്ടിക തയ്യറാക്കിയിരുന്നത്. ആരോഗ്യവകുപ്പിന്റെ ജോലിയാണ് ഇപ്പോൾ പൊലീസിന് നൽകിയിരിക്കുന്നത്. ഇരട്ടിപ്പണി, മാനസിക സംഘർഷം നിലവിൽ ജില്ലാഭരണകൂടം ഒരു പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചാൽ തുടർന്നുള്ള ഏഴ് ദിവസത്തെ നിയന്ത്രണം പൊലീസിനാണ്. പ്രദേശത്തക്കുള്ള എല്ലാ വഴികളും അടയ്ക്കണം. കണ്ടെയ്ൻമെന്റ് സോണിലേക്ക് അകത്തേക്കും പുറത്തക്കുമുള്ള വഴികളിൽ സദാസമയം കാവലൊരുക്കണം. ഈ ജോലികൾക്ക് പുറമേ ഇനി കണ്ടെയ്ൻമെന്റ് സോണിന്റെ മാപ്പ് തയ്യാറാക്കേണ്ട ജോലിയും പൊലീസിനായി. ഇതുകൂടാതെ ആവശ്യമായവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതും പൊലീസിന്റെ ഉത്തരവാദിത്തമാണ്. ക്വാറന്റൈൻ ലംഘകരെയും മാസ്‌ക് വയ്ക്കാത്തവരേയും പിടികൂടി പിഴചുമത്തേണ്ടതും പൊലീസാണ്. ജോലികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സേനയിലെ താഴേതട്ടിലുള്ളവർ അസ്വസ്ഥരാണ്. സാലറി ചലഞ്ചിന്റെ പേരിൽ 20 ശതമാനം ശമ്പളം പിടിക്കുന്നതിന് പുറമേയാണ് വീട്ടിൽ പോലും പോകാൻ കഴിയാത്തവിധം ഇരട്ടിപ്പണി നൽകിയെതെന്ന് പൊലീസുകാർ പറയുന്നു. അമിത ജോലിഭാരം മൂലമുണ്ടാകുന്ന മാനസിക സംഘർഷം പൊലീസുകാർ ജനങ്ങളോടുള്ള പെരുമാറ്റത്തിൽ പ്രകടിപ്പിച്ചാൽ സാഹചര്യങ്ങൾ വഷളാക്കും. പൊലീസിന്റെ വീഴ്ചയും ഓർക്കണം 'പല കാരണങ്ങളാൽ മുൻകരുതലുകളിൽ അലംഭാവം കാണിച്ചതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് കുറ്റബോധത്തോടെ ഓർക്കണം' ഇങ്ങനെ പരസ്യമായി പറഞ്ഞ് ആരോഗ്യവകുപ്പിനെതിരെ തുറന്നടിച്ച ശേഷമാണ് മുഖ്യമന്ത്രി ചുമതലകൾ പൊലീസിന് നൽകിയത്.

ആറുമാസത്തിലേറെയായി തുടരുന്ന കൊവിഡ് പോരാട്ടത്തിൽ എല്ലാവിഭാഗങ്ങൾക്കിടയിലും മടുപ്പുണ്ടാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിലെന്ന പോലെ പൊലീസിലും വീഴ്ചകളുണ്ടായെന്നത് കാണാതിരിക്കാനാകില്ല. 20പേർ പങ്കെടുക്കേണ്ട മരണവീട്ടിൽ 200പേർ എത്തിയതും 50 പേർ എത്തേണ്ട വിവാഹത്തിന് 400 പേർ എത്തിയതുമൊക്കെ ഇതിന്റെ ഭാഗമാണ്. കാസർകോടും വയനാടും ഇപ്പോഴും ഇതിന്റെ ദുരിതഫലം അനുഭവിക്കുകയാണ്. ഏതെങ്കിലും ഒരുവിഭാഗത്ത് വീഴ്ചയുണ്ടായാൽ അടിയന്തരമായി തെറ്റു തിരുത്തുന്നതിന് പകരം അവരുടെ ജോലി മറ്റുള്ളവരെ ഏൽപ്പിക്കുന്നത് അക്ഷീണം പ്രവർത്തിക്കുന്നവരുടെ മനോവീര്യം തളർത്താൻ മാത്രമേ ഉപകരിക്കൂ എന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.