സതാംപ്ടൺ : ആദ്യ രണ്ട് ഏകദിനങ്ങളിലും തകർപ്പൻ വിജയം നേടിയിരുന്ന ഇംഗ്ളണ്ട് മൂന്നാം ഏകദിനത്തിൽ ആദ്യ ബാറ്റിംഗിനിറങ്ങി 328 റൺസ് എടുത്തപ്പോഴേക്കും വിജയം ഉറപ്പാക്കിയ മട്ടിലായിരുന്നു. പണ്ടത്തെ ആമയും മുയലും കഥയിലേതുപോലെ അവരൊന്ന് അലസരായി. ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞല്ലെങ്കിലും അയർലാൻഡ് വിജയത്തിലെത്തിയപ്പോഴാണ് ഇംഗ്ളീഷുകാർ ഉറക്കം വിട്ടെണീറ്റത്.
ഇംഗ്ളണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് 329 റൺസ് എന്ന ലക്ഷ്യം ഒരു പന്തും ഏഴ് വിക്കറ്റുകളും ബാക്കിനിറുത്തി അയർലാൻഡ് മറികടന്നത്.ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 49.5 ഒാവറിൽ 328 റൺസെടുത്ത് ആൾഒൗട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ അയർലാൻഡ് 49.5 ഒാവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു. സെഞ്ച്വറികൾ നേടിയ ഒാപ്പണർ പോൾ സ്റ്റെർലിംഗും (142) നായകൻ ആൻഡി ബാൽബേണിയും (113) ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 214 റൺസാണ് ഐറിഷ് വിപ്ളവത്തിന് അടിത്തറയിട്ടത്.
ഇംഗ്ളണ്ട് 328 ആൾഒൗട്ട്
ആദ്യ രണ്ട് കളികളിലും ആദ്യം ബാറ്റ് ചെയ്ത് തോറ്റിരുന്നതിനാൽ അഭിമാനം രക്ഷിക്കാനിറങ്ങിയ അയർലാൻഡ് ടോസ് ലഭിച്ചപ്പോൾ ഇംഗ്ളണ്ടിനെ ബാറ്റിംഗിന് ക്ഷണിച്ചു. ഇംഗ്ളണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു.8.1 ഒാവറിൽ 44 റൺസിലെത്തിയപ്പോൾതന്നെ അവർക്ക് മൂന്ന് മുൻ നിര ബാറ്റ്സ്മാന്മാരെ നഷ്ടമായി. ഒാപ്പണർ ജാസൺ റോയി (1) ആദ്യ ഒാവറിൽ കൂടാരം കയറി. കഴിഞ്ഞകളിയിൽ തകർത്താടിയ ജോണി ബെയർസ്റ്റോ (4) നാലാം ഒാവറിൽ അദെയറിന്റെ പന്തിൽ ക്ളീൻ ബൗൾഡായി. ഒമ്പതാം ഒാവറിലെ ആദ്യ പന്തിൽ വിൻസും (16) പുറത്തായതോടെയാണ് ഇംഗ്ളണ്ട് 44/3 എന്ന നിലയിലായത്.
തുടർന്ന് ക്രീസിലൊരുമിച്ച നായകൻ ഇയോൻ മോർഗനും (106) ടോം ബാന്റണും (58)നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 146 റൺസാണ് ഇംഗ്ളണ്ടിന് കൂറ്റൻ സ്കോറിലെത്താനുള്ള വഴിയൊരുക്കിയത്. 84 പന്തുകളിൽ 15 ഫോറുകളുമടക്കം വെടിക്കെട്ട് തീർത്ത് തന്റെ 14-ാം സെഞ്ച്വറിയിലെത്തിയ മോർഗൻ 27-ാം ഒാവറിൽ പുറത്താകുമ്പോൾ ഇംഗ്ളണ്ട് 190ൽ എത്തിയിരുന്നു. വൈകാതെ ബാന്റണും മൊയീൻ അലിയും (1) പുറത്തായെങ്കിലും സാം ബില്ലിംഗ്സ് (19), ഡേവിഡ് വില്ലെയ്(51),ടോം കറാൻ (38*) എന്നിവരുടെ പോരാട്ടം 328ലെത്തിച്ചു.
അയർലാൻഡിനായി ക്രെയ്ഗ് യംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജോഷ് ലിറ്റിലും കർട്ടിസ് കാംഫറും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി.മാർക്ക് അദെയറിനും ഡെനലേയ്ക്കും ഒാരോ വിക്കറ്റ് ലഭിച്ചു.
അയർലാൻഡ് 329/3
മറുപടിക്കിറങ്ങിയ അയർലാൻഡിന് എട്ടാം ഒാവറിൽ ടീം സ്കോർ 50-ൽ വച്ച് ഒാപ്പണർ ഡെനലേയെ(12) നഷ്ടമായി. എന്നാൽ അതുവരെ തകർത്തടിച്ചുനിന്ന സ്റ്റെർലിംഗിന് തുണയായി നായകൻ ബാൽബേണി ഇറങ്ങിയതോടെ കഥ മാറി.ഇരുവരും ചേർന്ന് പതിയെ കളിയുടെ ആധിപത്യം ഏറ്റെടുത്തു.കൂട്ടുകെട്ട് പൊളിക്കാൻ ഇംഗ്ളീഷ് ബൗളർമാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായില്ല.42-ാം ഒാവറിൽ ടീം സ്കോർ 264ലെത്തിച്ച ശേഷമാണ് സ്റ്റെർലിംഗ് പുറത്തായത്. 128 പന്തുകൾ നേരിട്ട സ്റ്റെർലിംഗ് ഒൻപത് ഫോറുകളും ആറ് സിക്സുകളും പായിച്ചു.45-ാം ഒാവറിൽ ബാൽബേണിയും പുറത്തായി.112 പന്തുകൾ നേരിട്ട ഐറിഷ് നായകൻ 12 ഫോറുകൾ പായിച്ചു.
ഇരുവരും പുറത്തായത് അയർലാൻഡിന്റെ വിജയതൃഷ്ണയെ ബാധിച്ചില്ല. ഹാരി ടെക്ടറും (29*) കെവിൻ ഒബ്രിയാനും ചേർന്ന് (21*) അവസാന ഒാവറിന്റെ അഞ്ചാം പന്തിൽ ചരിത്ര വിജയം നേടിയെടുത്തു.
ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചതിനാൽ പരമ്പര ഇംഗ്ളണ്ട് 2-1ന് സ്വന്തമാക്കി. കൊവിഡ് ലോക്ക്ഡൗണിന് ശേഷം നടന്ന ആദ്യ ഏകദിന പരമ്പരയാണിത്.പോൾ സ്റ്റർലിംഗാണ് മാൻ ഒഫ് ദ മാച്ച്. ഡേവിഡ് വില്ലെയ് മാൻ ഒഫ് ദ സിരീസായി.
പരമ്പര ഇങ്ങനെ ഫിനിഷ് ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇംഗ്ളണ്ടിനെപ്പോലൊരു ടീമിനെതിരെ ഇത്രയും ഉയർന്ന സ്കോർ ചേസ് ചെയ്ത് ജയിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് വളരെ വലിയ നേട്ടമാണ്.
ആൻഡി ബാൽബേണി
ഐറിഷ് ക്യാപ്ടൻ
ചരിത്ര നേട്ടം ഇങ്ങനെ
18 വർഷം പഴക്കമുള്ള ഇംഗ്ളീഷ് മണ്ണിലെ ഇന്ത്യയുടെ വൻവിജയത്തിന്റെ റെക്കാഡാണ് അയർലാൻഡ് തിരുത്തിയെഴുതിയത്.
ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിൽവച്ച് നേടുന്ന ഏറ്റവും വലിയ ചേസിംഗ് വിജയത്തിന്റെ റെക്കാഡാണ് അയർലൻഡ് സ്വന്തമാക്കിയത്
2002-ൽ ലോഡ്സിൽ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിൽ 326 റൺസ് പിന്തുടർന്ന് വിജയിച്ച ഇന്ത്യയുടെ പേരിലായിരുന്നു റെക്കാഡ്.
ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരേ ഒരു ടീമിന്റെ ഏറ്റവുമുയർന്ന നാലാമത്തെ ചേസിംഗ് വിജയമാണിത്. അയർലൻഡിന്റെ ഏറ്റവും വലിയ ചേസിംഗ് വിജയവും ഇതാണ്.
328 സ്പെഷ്യൽ
ഇംഗ്ളണ്ടിനെതിരെ അയർലാൻഡ് ഏകദിനത്തിൽ വിജയിക്കുന്നത് ഇത് രണ്ടാം തവണയാണ് .രണ്ട് തവണയും 328 റൺസ് എന്ന ഇംഗ്ളീഷ് സ്കോർ മറികടന്നാണ് അവർ ജയിച്ചത് എന്നതാണ് കൗതുകം. 2011 ലോകകപ്പിൽ ബെംഗളൂരുവിൽ വച്ച് മൂന്ന് വിക്കറ്റിനായിരുന്നു ആദ്യ ജയം.
ഗാംഗുലി ഷർട്ടൂരിയ വിജയം
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ നിമിഷങ്ങളിൽ ഒന്നാണ് നാറ്റ് വെസ്റ്റ് ഫൈനൽ. അന്ന് വിജയമുഹൂർത്തത്തിൽ ലോഡ്സിന്റെ ബാൽക്കണിയിൽ നിന്ന് ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി ജഴ്സിയൂരി വീശി ആഘോഷിച്ചത് ആരാധകർക്ക് ഒരിക്കലും മറക്കാനാകില്ല. 326 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റിന് 146 റൺസ് എന്ന നിലയിൽ തകർച്ചയിലായിരുന്നു. എന്നാൽ ക്രീസിൽ ഒന്നിച്ച യുവരാജ് സിംഗും മുഹമ്മദ് കൈഫും മത്സരം തിരിച്ചുപിടിച്ചു. യുവി 69 റൺസിന് പുറത്തായപ്പോൾ വാലറ്റത്തെ കൂട്ടുപിടിച്ച് കൈഫ് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. രണ്ടു വിക്കറ്റും മൂന്നു പന്തും ശേഷിക്കെ ഇന്ത്യ വിജയിക്കുമ്പോൾ 87 റൺസുമായി കൈഫ് ക്രീസിലുണ്ടായിരുന്നു.