ലണ്ടൻ: കുറുമ്പു കാട്ടി വെട്ടിലായ മിലോയെന്ന നായ്‌ക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സ്റ്റാക്സി ജെയിൻ ഓൺ എന്ന വീട്ടമ്മയാണ് തന്റെ നായ്‌ക്കുട്ടിയുടെ കുസൃതി നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സ്റ്റാക്‌സിയുടെ അമ്മയുടെ മുറിയിൽ കയറിയതാണ് മിലോയ്ക്ക് പണിയായത്. മുറിയിൽ കയറിയ ശേഷം പാവത്തിന് മിണ്ടാൻ വയ്യ. കാരണം സ്റ്റാക്‌സിയുടെ അമ്മയുടെ വെപ്പുപല്ല് മിലോയുടെ വായിൽ കുടുങ്ങി. പാവത്തിന് വായടയ്ക്കാനും വയ്യ മിണ്ടാനും വയ്യ. കുസൃതികാരണം വെട്ടിലായ മിലോയുടെ വീഡിയോ മൂന്നു ലക്ഷത്തിലേറെ പേരാണ് കണ്ടത്. വീഡിയോ എടുക്കുന്നതിന് പകരം ആ പല്ലൊന്ന് മാറ്റിക്കൊടുക്കാമായിരുന്നുവെന്ന് സ്റ്റാക്‌സിയെ ഉപദേശിക്കുന്നവരുമുണ്ട് കൂട്ടത്തിൽ. എന്തായാലും മിലോയ്ക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്.