സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ആദ്യ ഘട്ടങ്ങളിൽ കേരളത്തിൽ നിയന്ത്രണങ്ങൾ പ്രയോജനപ്പെട്ടു. എന്നാൽ, ഇളവുകൾ നിലവിൽ വന്നതോടെ സമ്പർക്കം കൊണ്ടും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ പിഴവുകൾ കൊണ്ടും കൊവിഡ് രോഗികളുടെ എണ്ണം കൂടി വരികയാണ്. എന്തായാലും, കൊവിഡിനൊപ്പം കുറച്ചു നാൾ സഞ്ചരിക്കേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല. കാര്യമായ മറ്റു രോഗങ്ങളില്ലാത്തവരിൽ കൊവിഡ് അത്രയ്ക്ക് വില്ലനുമല്ല.അതിനാൽ മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം ശരീരബലം വർദ്ധിപ്പിച്ച് മാത്രമേ ഇത്തരത്തിലുള്ള പകർച്ചവ്യാധികളോട് പോരാടി വിജയിക്കാനാകൂ എന്ന ചിന്ത വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് ആയുർവേദ ഔഷധങ്ങൾ ഉൾപ്പെടെ ശരീരബലം വർദ്ധിപ്പിക്കുന്നതിനും അതിലൂടെ കോവിഡ് ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ തടയുന്നതിനും ഉപയോഗിക്കണമെന്ന നിർദ്ദേശം ഉയർന്നത്. അതിനുള്ള സാഹചര്യങ്ങൾ സർക്കാർ തലത്തിലും ദ്രുതഗതിയിൽ നടപ്പിലാക്കി. ആയുർരക്ഷാ ക്ലിനിക്കുകൾ എന്ന രീതിയിൽ പുതിയ പ്രവർത്തനങ്ങൾ നടത്താനായി 1206 സ്ഥാപനങ്ങളിലൂടെ നാല് പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടാണ് ആയുർവേദത്തിന് സർക്കാർ പുതിയ അവസരം ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ശരീരബലം വർദ്ധിപ്പിച്ച് രോഗപ്രതിരോധം കൂട്ടുന്നതിനുള്ള ഔഷധങ്ങളും ചികിത്സയുമാണ് ഇത്തരം ആയുർരക്ഷാ ക്ലിനിക്കുകളിലൂടെ ലഭ്യമാകുന്നത്. "കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം" എന്ന കാഴ്ചപ്പാടോടെ കേരളീയർ അത് ഏറ്റെടുക്കുകയും ചെയ്തു.
സ്വാസ്ഥ്യം
മരുന്നുകൾ പരമാവധി കുറച്ച ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കാനുള്ള ഇടപെടൽ നടത്തുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രോഗമില്ലാത്ത ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നിലനിറുത്തികൊണ്ട് പോകാനുള്ള മാർഗ്ഗങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
സുഖായുഷ്യം
പകർച്ചവ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടുന്നതും മരണത്തിന് കാരണമാകുന്നതും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ്. അതിനാൽ അവർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം. അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്തവിധം വീര്യം കുറഞ്ഞവയും എന്നാൽ, രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയും ആയിരിക്കണം. ഇതിലുപരി നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് തടസ്സമാകാത്ത വിധമുള്ളതും കൂടി ആയിരിക്കണം. അതിനുള്ള മരുന്നുകളാണ് സുഖായുഷ്യം പദ്ധതിയിലൂടെ നൽകുന്നത്. നിലവിലുള്ള രോഗങ്ങളുടെ ശമനത്തിനുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾക്കൊപ്പമാണ് ഈ മരുന്നുകളും കഴിക്കേണ്ടത്.
പുനർജ്ജനി
കോവിഡ് പോസിറ്റീവ് ആയിരുന്നവർ, ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയ ശേഷം വീണ്ടും 15 ദിവസത്തെ വിശ്രമം കൂടി കഴിഞ്ഞിട്ട് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതല്ലെങ്കിൽ കോവിഡ് വന്നതു കാരണമുള്ള നിരവധി മറ്റ് രോഗങ്ങൾ കൂടി അവരെ തേടി വരും. അതിനാവശ്യമായ പ്രതിരോധ ഔഷധങ്ങളാണ് പുനർജ്ജനി പദ്ധതി വഴി നൽകുന്നത്. കൂടുതൽ കൃത്യതയോടെയുള്ള ചികിത്സകളും വിവിധതരത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടിവരും. വിദഗ്ദ്ധരും ഉന്നതസ്ഥാനങ്ങളിൽ ഉള്ളവരുമായ ഡോക്ടർമാരുടെ സേവനമാണ് ഈ പദ്ധതിയിൽ വിനിയോഗിക്കുന്നത്.
നിരാമയ
ഇപ്പോൾ പലവിധ കാരണങ്ങളാൽ ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും കഴിയാത്തവരുണ്ട്. കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ തന്നെ മുടങ്ങിപ്പോയവരുമുണ്ട്. ശാരീരിക പ്രയാസങ്ങൾക്കൊപ്പം മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവരും കുറവല്ല. അതിനൊരു പരിഹാരമായി ഓൺലൈൻ സംവിധാനം വഴി ഡോക്ടറോട് വിവരങ്ങൾ പറയുന്നതിനും ഏറ്റവും അടുത്ത സർക്കാർ സ്ഥാപനത്തിൽ നിന്നും ഔഷധങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയാണ് നിരാമയ. വാർഡ് തല സമിതികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി നിരവധിപേർ രോഗികൾക്ക് സഹായം എത്തിക്കാനുള്ള ഈ പദ്ധതിയിൽ സഹായകരായി മാറും. പരമാവധി ആൾക്കാരെ വീട്ടിലിരുത്തുക എന്നതും ആധുനിക വിനിമയ സംവിധാനങ്ങളിലൂടെ ചികിത്സ യഥാസമയം ലഭ്യമാക്കുക എന്നതും ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നു.
സൗജന്യ ചികിത്സ
1206 ആയുർരക്ഷാ ക്ലിനിക്കുകളിലൂടെ ഒരുക്കിയിട്ടുള്ള ഔഷധങ്ങളും ചികിത്സയും സൗജന്യമാണ്. ഇവിടെ നിന്ന് ചികിത്സ തേടാൻ അസൗകര്യമുള്ളവർ അർഹരായ മറ്റ് ചികിത്സകരിൽ നിന്നു തന്നെയാണ് ചികിത്സ തേടുന്നതെന്ന് ഉറപ്പാക്കണം.
ഡോ. ഷർമദ് ഖാൻ,
സീനിയർ മെഡിക്കൽ ഓഫീസർ,
ആയുർരക്ഷാ ക്ലിനിക്,
ചേരമാൻ തുരുത്ത്,
തിരുവനന്തപുരം