കൊച്ചി: മണിപ്പൂരി പ്രതിരോധ താരം യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്തേ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലൊപ്പുവെച്ചു. 26 കാരനായ മെയ്തേ പൂനെ എഫ്.സി, ചർച്ചിൽ ബ്രദേഴ്സ്, നെറോക എഫ്.സി, ട്രാഉ എഫ്.സി എന്നീ പ്രമുഖ ടീമുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. മണിപ്പൂർ ടീമിന്റഎ മിന്നും താരമാണ്. ലെഫ്റ്ര് ബാക്കായ മെയ്തേ ഡിഫൻസീവ് മിഡ്ഫീൽഡറായും തിളങ്ങാൻ കഴിയുന്ന താരമാണ്. ഐ.എസ്.എല്ലിന്റെ ഭാഗമാകാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണെന്നും ബ്ലാസ്റ്രേഴ്സിനായി കഴിവിന്റെ പരമാവധി പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മെയ്തേ പറഞ്ഞു. ഇത്രയും വലിയ ആരാധകവൃന്ദമുള്ള ടീമിന്റെ ഭാഗമായത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.