hiro

ടോക്കിയോ: ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. 75 വർഷങ്ങൾക്ക് മുമ്പ്,​ 1945 ആഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. അമേരിക്കയുടെ അണ്വായുധ നിർമാണ പദ്ധതിയായിരുന്ന മാൻഹട്ടൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച 'ചെറിയകുട്ടി' അഥവാ ലിറ്റിൽ ബോയ് എന്ന് പേരുള്ള സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയിൽ പതിച്ചത്.

ഒന്നരലക്ഷത്തോളം മനുഷ്യരെ നിമിഷാർദ്ധംകൊണ്ട് ആ 'ചെറിയകുട്ടി' ചുട്ടു ചാമ്പലാക്കി. മുപ്പത്തേഴായിരത്തോളം പേർക്ക് ആണവവികിരണത്താൽ ഗുരുതരമായി പൊള്ളലേറ്റു. അവർ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നു മരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിൻതലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങൾ കാൻസർപോലുള്ള മാരകരോഗങ്ങൾ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.

1939 സെപ്തംബർ 1ന് രണ്ടാം ലോകമഹായുദ്ധം തുടങ്ങിയിട്ട് അന്നേക്ക് ആറുവർഷത്തോളമായിരുന്നു. 20,000 ടൺ ടി.എൻ.ടി. സ്‌ഫോടകശേഷിയുള്ള യുറേനിയം ബോംബ് ഹിരോഷിമയുടെ 1870 അടി ഉയരത്തിൽവച്ച് പൊട്ടിത്തെറിച്ചു. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച ബി-29 ഇനാലഗെ എന്ന യുദ്ധവിമാനമാണ് ഹിരോഷിമയിൽ ബോംബ് വർഷിച്ചത്.