thushar-vellappally-

ആലപ്പുഴ : രാമക്ഷേത്ര ശിലാസ്ഥാപനത്തിന് കേരളം നൽകിയ പിന്തുണ ദേശീയതയുടെ വിജയമാണെന്നും ഇത് സംസ്ഥാനത്തിന്റെ നല്ല മാറ്റത്തിന് കാരണമാകുമെന്നും എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ്. അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.

പ്രധാനമന്ത്രി അയോദ്ധ്യയിൽ ശിലാസ്ഥാപനം നടത്തിയപ്പോൾ അത് ദേശീയോത്സവമായി മാറിയത് ഭാരതീയർക്ക് രാമനോടുള്ള ആത്മബന്ധവും ആരാധനയും കാരണമാണ്. ഒരുകാലത്ത് രാമക്ഷേത്രത്തെ എതിർത്തിരുന്നവർ പോലും ഇന്ന് അനുകൂലിക്കുകയും ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമാവാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് നല്ല തുടക്കത്തിന്റെ തെളിവാണ്.

ഭാരതീയ സംസ്കൃതിയുടെയും മാനവികതയുടെയും പ്രതീകമായ ശ്രീരാമന്റെ ജന്മവും കർമ്മവും കൊണ്ട് ധന്യമായ അയോദ്ധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും പ്രതീകമാവും. രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിലൂടെ കോടി ഭാരതീയരുടെ സ്വപ്നസാക്ഷാത്കാരമാണ് നിറവേറ്റപ്പെട്ടതെന്നും തുഷാർ അഭിപ്രായപ്പെട്ടു.