വാഷിംഗ്ടൺ: ശബ്ദത്തേക്കാൾ മൂന്നു മടങ്ങ് അധികവേഗത്തിൽ സഞ്ചരിക്കുന്ന മാക് - 3 സൂപ്പർസോണിക് വിമാനം നിർമിക്കാൻ ഒരുങ്ങി ബഹിരാകാശ ടൂറിസം കമ്പനിയായ വിർജിൻ ഗലാക്ടികും റോൾസ് റോയ്സും. വിമാനത്തിന്റെ വേഗതയെ സൂചിപ്പിക്കാനാണ് മാക് നമ്പർ ഉപയോഗിക്കുന്നത്.
1976 മുതൽ 2003 വരെ മാക് -2വിൽ സഞ്ചരിച്ചിരുന്ന കോൺകോഡിനേക്കാൾ വേഗതയിലാവും പുതിയ മാക് -3 സൂപ്പർസോണിക് വിമാനം പറക്കുക. ത്രികോണാകൃതിയിലുള്ള 'ഡെൽറ്റ ചിറകു'മായി 9 മുതൽ 19 യാത്രക്കാരെ വഹിച്ച് 60,000 അടി ഉയരത്തിൽ (18,000 മീറ്റർ സാധാരണ വിമാനത്തേക്കാൾ രണ്ടിരട്ടി ഉയരെ) പറക്കാൻ കഴിയുന്ന വിമാനത്തിന്റെ രൂപകൽപന പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴത്തെ വിമാനത്താവളങ്ങളിൽനിന്നു പറന്നുയരാനും തിരിച്ചിറങ്ങാനും ഈ വിമാനത്തിനു കഴിയും. അതേസമയം, ഇന്ധനക്ഷമത, അമിതശബ്ദം എന്നിവയാണ് ഈ വിമാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തെർമൽ മാനേജ്മെന്റ്, അറ്റകുറ്റപ്പണി, ശബ്ദം, മലിനീകരണം, സാമ്പത്തിക ബാദ്ധ്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കൃത്യമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വിർജിൻ ഗലാക്ടിക് അധികൃതർ പറഞ്ഞു.
ശബ്ദരഹിതമായ ഒരു സൂപ്പർസോണിക് പരീക്ഷണ വിമാനം എക്സ് - 59 വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാസ. ഇതിന്റെ ചെറുമാതൃക ലൊക്കീദ് മാർട്ടിൻ കാലിഫോർണിയയിൽ തയാറാക്കിയിരുന്നു.