തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 79 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്നവരിൽ രോഗം സ്ഥിരീകരിച്ചത് 66 പേർക്കാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുടെ എണ്ണം 125ആണ്. 13 ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തി നിരക്ക് ഉയർന്ന ദിനമാണിന്ന്. 1234 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ഏഴുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമൻ(66), കക്കട്ട് മരക്കാർകുട്ടി(70), ഫറോക്ക് സ്വദേശി പ്രഭാകരൻ (73), കണ്ണൂർ ഇരിക്കൂർ സ്വദേശി യശോദ(59), കാസർഗോഡ് ഉടുമ്പന്തല സ്വദേശി അസൈനാർ ഹാജി(76), കൊല്ലം വെളിനല്ലൂർ അബ്ദുൾ സലാം(58), തൃക്കാക്കര സ്വദേശി ജോർജ്ജ് ദേവസി(83).
സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെ തിരുവനന്തപുരം 274, മലപ്പുറം 167, കാസർഗോഡ് 128,എറണാകുളം 120,ആലപ്പുഴ 108, തൃശൂർ 86, കണ്ണൂർ 61, കോട്ടയം 51, കോഴിക്കോട്39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട37, കൊല്ലം 30,വയനാട് 14.
ആലുവ, ഫോർട്ട് കൊച്ചി മേഖലകളിൽ രോഗം കുറയുന്നില്ല.വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലെ രോഗ തീവ്രത കുറഞ്ഞു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, കളളിക്കാട്, വെളളറട എന്നീ ലിമിറ്റഡ് ക്ളസ്‌റ്ററുകൾ ലാർജ് കമ്മ്യൂണിറ്റി ക്ളസ്‌റ്ററുകളാകാൻ സാദ്ധ്യത കാണുന്നു. പത്തനംതിട്ടയിൽ തെരുവിൽ അലയുകയായിരുന്ന സ്‌ത്രീക്ക് രോഗം സ്ഥിരീകരിച്ചു, ഇവരുടെ രോഗ ഉറവിടം വ്യക്തമായിരുന്നില്ല. ഫോർട്ട് കൊച്ചിയിൽ കർഫ്യു ഉണ്ടാകും. 82 സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തനം തുടരും. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 25096 സാമ്പിളുകൾ പരിശോധിച്ചു. ആകെ 1,40,474 പേർ നിരീക്ഷണത്തിലുണ്ട്. 4,17,939 സാമ്പിളുകൾ ആകെ പരിശോധിക്കാൻ അയച്ചു. ഇതിൽ നിന്നും 6444 പേരുടെ ഫലം വരാനുണ്ട്. 11,167 പേർ നിലവിൽ ചികിത്സയിലാണ്.ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 1444 പേരെയാണ്. സെന്റിനൽസ് സർവൈലൻസിന്റെ ഭാഗമായി 1,30,614 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 1980 എണ്ണത്തിന്റെ ഫലം വരാനുണ്ട്.
സംസ്ഥാനത്ത് പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 515 ഹോട്ട്സ്‌പോട്ടുകളാണ് സംസ്ഥാനത്തുളളത്. മാസ്ക് ധരിക്കാത്തതിന് 7300 കേസുകളും, ക്വാറന്റൈൻ ലംഘിച്ചതിന് നാലുപേർക്കെതിരെയും കേസെടുത്തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് പകരം പൊലീസിനെ ഏൽപ്പിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിൽ പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനും എതിരെ ശക്തമായ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. ജനങ്ങളിൽ പ്രതിപക്ഷം
സംശയമുണ്ടാക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തരുതെന്നും ആരോഗ്യ പ്രവർത്തകരെ സഹായിക്കാനാണ് പൊലീസിനെ കൊവിഡ് പ്രവർത്തനത്തിൽ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.