പുരാണ ഇതിഹാസമായ മഹാഭാരതത്തിൽ ഭാരതീയ സ്ത്രീകളെ ദേവതാസങ്കൽപ്പത്തിൽ പ്രതിഷ്ഠിക്കുന്ന പല സംഭവങ്ങളും വിവരിക്കുന്നുണ്ട്. നാരീശക്തിയെ പ്രകീർത്തിക്കുന്ന കഥകളുമുണ്ട്. അതേ ഇതിഹാസത്തിൽ തന്നെ മറ്റൊരു ഏടുണ്ട്. കൗരവരും പാണ്ഡവരും തമ്മിൽ ചൂത് കളിച്ചു. പാണ്ഡവരിൽ മൂത്തവനായ ധർമപുത്രർ സകല സ്വത്തുക്കളും ചൂതിൽ തുലച്ചു. ഒടുവിൽ സഹോദരങ്ങളെയും തന്നെത്തന്നെയും പണയപ്പെടുത്തി. അതിലും തോറ്റുകഴിഞ്ഞപ്പോൾ വിജയലഹരിയിൽ മതിമറന്ന ശകുനി പാഞ്ചാലിയെക്കൂടി പണയം വയ്ക്കാൻ പറഞ്ഞു. യുധിഷ്ഠിരൻ അതും ചെയ്തു. അങ്ങനെ പാഞ്ചാലി പണയവസ്തുവാക്കപ്പെട്ടു...തുടർന്ന് രജസ്വലയായിരുന്ന പഞ്ചാലി കൗരവസദസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു, വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു.
ഭാര്യയെ പണയം വച്ച യുധിഷ്ഠിരന്റെ രീതി പിന്തുടരുന്നവരുണ്ട്, ഇന്നും ! 'ഭാരത മാതാവിനെ' അളവറ്റ് ബഹുമാനിക്കുന്ന നമ്മുടെ ഇന്ത്യയിൽ. മദ്ധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് ഇത്തരത്തിൽ പ്രാകൃതവും അവിശ്വസനീയവുമായ ആചാരം പിന്തുടരുന്നത്. ധനാഢ്യരോ ഉയർന്ന ജാതിയിൽപ്പെട്ടവരോ ആയ പുരുഷൻമാരിൽ നിന്നും പണം വാങ്ങി നിശ്ചിത കാലയളവിലേക്ക് എഴുതി ഉറപ്പിച്ച കരാർ പ്രകാരം സ്ത്രീകളെ ഭാര്യമാരായി വാടകയ്ക്ക് നൽകുന്നതാണ് ഈ ആചാരം. ''ദഡീച പ്രത'' എന്നാണ് ആചാരത്തിന്റെ പേര്. ഭാര്യമാരെ കൈമാറൽ ഈ ആധുനികയുഗത്തിലും തുടരുന്നു എന്നതാണ് വിരോധാഭാസം.
സ്ത്രീകളെ വില്ക്കുന്ന ചന്ത
വർഷത്തിലൊരിക്കൽ ശിവ്പുരിയിൽ നടക്കുന്ന 'മണ്ഢി ' അഥവാ വാർഷികചന്തയിലാണ് ഭാര്യമാരെ വില്ക്കുന്നത്. അവിടെ കലങ്ങളും പാത്രങ്ങളും നിരത്തി വച്ചിരിക്കുന്നത് പോലെ സ്ത്രീകളെയും അണിനിരത്തിയിട്ടുണ്ടാകും. മംഗല്യസൂത്രമണിഞ്ഞ് നെറുകയിൽ സിന്ദൂരവും ചാർത്തി സാരിത്തലപ്പു കൊണ്ട് ശിരസ് മറച്ച പരമ്പരാഗത കുലവധുക്കൾ തന്നെയാണത് ! ഏറെയും ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾ. കയ്യിൽ കാശുള്ള പുരുഷൻമാർക്ക് ഇവരിൽ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. വാടകയ്ക്കാണെന്നു മാത്രം. വിവിധ കാരണങ്ങളാൽ വിവാഹം നടക്കാതെ പോകുന്ന പുരുഷൻമാരാണ് ഇത്തരത്തിൽ വാടക ഭാര്യമാരെ തേടി എത്തുക. ഒരു മാസം മുതൽ ഒരു വർഷം വരെയുള്ള വാടക കരാർ, ഉടമ്പടിത്തുകയ്ക്കനുസരിച്ച് പത്ത് രൂപയുടേയോ നൂറ് രൂപയുടെയോ മുദ്രപ്പത്രത്തിലാണ് എഴുതുക. കരാർതുക 500 രൂപ മുതൽ ലക്ഷങ്ങൾ വരെ ആകാറുണ്ട്. കാലാവധി പൂർത്തിയായിട്ടും അതേ സ്ത്രീയെ ഒപ്പം വേണമെന്ന് തോന്നിയാൽ വീണ്ടും തുക നൽകി കരാർ പുതുക്കിയാൽ മതി. ഇനി മറ്റൊരു സ്ത്രീയെ വേണമെന്ന് തോന്നിയാൽ അടുത്ത വർഷത്തെ ചന്തയിലെത്തി പുതിയ ആളുമായി കരാറെഴുതി പണം നൽകി അവരെ സ്വന്തമാക്കാം. ചന്തയിൽ വാടകയ്ക്ക് നൽകുന്നത് ഭൂരിഭാഗവും വിവാഹിതരായ സ്ത്രീകളാണെങ്കിലും ചിലപ്പോഴൊക്കെ അവിവാഹിതകളും ഇത്തരത്തിൽ വാടക ഭാര്യമാരാകും. വിവാഹിതയായ യുവതിയെ കച്ചവടം ചെയ്യുന്നത് ഭർത്താവാണെങ്കിൽ, അവിവാഹിതയായ സ്ത്രീയെ നൽകി പണം വാങ്ങുന്നത് അച്ഛനോ, അമ്മാവൻമാരോ ആയിരിക്കും. മൂവായിരത്തോളം സ്ത്രീകളാണ് ശിവ്പുരി മണ്ഢിയിൽ ഓരോ വർഷവും വാടകയ്ക്ക് നൽകപ്പെടുന്നത്.
പിന്നിൽ ലൈംഗികതയോ ദാരിദ്ര്യമോ?
അധ:സ്ഥിത വർഗത്തിലുള്ള സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണമായാണ് ദഡീച പ്രതയെ വിലയിരുത്തപ്പെടുന്നതെങ്കിലും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ലൈംഗിക ദാരിദ്ര്യവും ഈ അനാചാരം തുടരാൻ കാരണമാകുന്നുവെന്ന് പറയപ്പെടുന്നു. വിദ്യാഭ്യാസവും വികസനവും എത്തിനോക്കാത്ത ഉൾനാടൻ ഗ്രാമങ്ങളിൽ പെൺഭ്രൂണഹത്യ വർദ്ധിച്ചതോടെ പുരുഷൻമാർക്ക് ആനുപാതികമായി സ്ത്രീകളുടെ എണ്ണം കുറഞ്ഞു. ഇത് 'ദഡീച പ്രത' നിലനിൽക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കാൻ സ്ത്രീകളെ ലഭിക്കാതെ വരുന്നതോടെ, മറ്റു പലരുടെയും ഭാര്യമാരെ സ്വന്തമാക്കേണ്ടി വരുന്നെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. അതേ സമയം, ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയും പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമെല്ലാം താഴേക്കിടയിലുള്ളവരെ വലയ്ക്കുന്നു. അൽപ്പം തുകയ്ക്ക് വേണ്ടി ഭാര്യമാരെ വാടകയ്ക്ക് നൽകാൻ പ്രേരിപ്പിക്കുന്നു എന്ന മറുവശവും ഉണ്ട്. ആദിവാസി- ഗോത്രവർഗക്കാരുടെ ഇടയിലാണ് ദഡീച പ്രത വ്യാപകമായുള്ളത്. വിശാലമായ അർത്ഥത്തിൽ നോക്കിയാൽ താഴ്ന്നജാതിയിൽപ്പെട്ട പട്ടിണിപ്പാവങ്ങളായ സ്ത്രീകളാണ് വില്പനചരക്കാകുന്നത്. വാങ്ങുന്നതോ പണവും അധികാരവും ഭൂമിയും ഉള്ള സമ്പന്നരും മേൽജാതിക്കാരായ പുരുഷൻമാരും. 'ദഡീച പ്രത" ഒരു സൗമൂഹ്യ ദുരാചരമാകുന്നത് ഇവിടെയാണ്.
ഇടനിലക്കാരുടെ ചൂഷണം
മദ്ധ്യപ്രദേശിന് പുറമെ, ഗുജറാത്തിലെ ചില സ്ഥലങ്ങളിലും 'ദഡീചപ്രത" പിന്തുടരുന്നവരുണ്ട്. സാമൂഹ്യ അനാചാരമെന്ന നിലയിൽ ഇതിനെ തുടച്ചുനീക്കേണ്ടതിന് പകരം, ഇതൊരു കച്ചവടമായി കാണുകയാണ് പലരും. സമീപകാലങ്ങളിൽ നിരക്ഷരരായ ഗ്രാമീണരുടെ ആചാരത്തിന്റെ മറവിൽ ഇടനിലക്കാർ അരങ്ങ് വാഴുന്ന വലിയ മാംസക്കച്ചവടമായി ഇത് മാറി. കഴുകൻ കണ്ണുകളുള്ള ഇടനിലക്കാർ സ്വന്തം സ്ത്രീകളെ വിൽക്കുന്ന ഗ്രാമീണരെ ചൂഷണം ചെയ്യുകയാണ്. ധനികരിൽ നിന്നും വൻതുക വാങ്ങിയ ശേഷം, ചെറിയൊരു ശതമാനം മാത്രമാണ് സ്ത്രീകൾക്കോ അവരുടെ വീട്ടുകാർക്കോ നൽകുക. ദരിദ്രരായ പല ആദിവാസി വിഭാഗങ്ങളും തങ്ങളുടെ പെൺകുട്ടികളെയും സ്ത്രീകളെയും വാടക ഭാര്യമാരാക്കി ഉപജീവനം നടത്തുകയാണ്. ബിഹാർ, ജാർഖണ്ഡ്, ഛത്തിസ്ഗഢ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയും ഇപ്പോൾ ഇവിടേക്ക് എത്തിച്ച് വാടകയ്ക്ക് നൽകുന്നു. കൃത്യമായ മാംസക്കച്ചവടമാണ് ആ ദുരാചാരത്തിന്റെ മറവിൽ നടക്കുന്നത്.
എതിർക്കാനാളില്ല
ഈ അനാചാരത്തിനെതിരേ ചില സംഘടനകളും സർക്കാരും ഒക്കെ രംഗത്ത് വന്നെങ്കിലും പരാതിക്കാരുടെ അഭാവത്തിൽ നിയമ നടപടികളിലേക്ക് പോകാൻ കഴിയാറില്ല. സ്ത്രീകൾ തന്നെയാണ് പലപ്പോഴും നിയമ നടപടികളെ എതിർക്കുന്നത്. കാരണം കേസെടുത്താൽ കുടുങ്ങുന്നത് സ്വന്തം വീട്ടുകാരായിരിക്കുമല്ലോ. ഗ്രാമീണരെ ബോധവത്കരിക്കുന്നതിലൂടെ മാത്രമേ ദഡീച പ്രതയ്ക്ക് അന്ത്യം കുറിക്കാനാവൂ. എന്നാൽ ദാരിദ്ര്യം കൊടികുത്തിവാഴുന്നിടത്ത് ബോധവത്കരണത്തിന് എന്തു പ്രസക്തിയെന്നാണ് സാമൂഹ്യ പ്രവർത്തകർ പോലും ചോദിക്കുന്നത്. മാസവരുമാനത്തിന്റെ പത്തിരട്ടി വരെ ഇത്തരം കൈമാറ്റത്തിലൂടെ ലഭിക്കുന്നതാണ് പട്ടിണിപാവങ്ങളെ ഇത്തരം കച്ചവടത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത്. ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന് അറിവുണ്ടെങ്കിലും പരാതിക്കാർ ഇല്ലാത്തതിനാൽ നിയമ നടപടികളില്ല.
അച്ഛനില്ലാത്ത
കുട്ടികൾ
ഈ ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികളുടെ അവസ്ഥയും സങ്കീർണമാണ്. പിതൃസ്വത്തിൽ അവകാശമുണ്ടെങ്കിലും മാതാപിതാക്കൾ കരാർ അവസാനിപ്പിച്ച് പിരിയുമ്പോൾ മാതാവിനോ പിതാവിനോ ഒപ്പം തുടരും. അമ്മ പുതിയൊരു കരാറിലേർപ്പെടുമ്പോൾ ഒപ്പം പോവുകയോ അമ്മയുടെ മാതാപിതാക്കൾക്കൊപ്പം കഴിയുകയോ ആണ് ചെയ്യുക. ഈ കുട്ടികളുടെ സാമൂഹിക, മാനസികാവസ്ഥ ആശങ്കയുളവാക്കുന്നതാണ്.
അത്ത പ്രജാപതിയുടെ കഥ
ഗുജറാത്തി കർഷകനായ അത്ത പ്രജാപതി സ്വന്തം ഭാര്യ ലക്ഷ്മിയെ വാടകയ്ക്ക് നൽകിയത് സമ്പന്നനായ ജമീന്ദാറിനാണ്. 8000 രൂപയ്ക്കായിരുന്നു കരാർ. പ്രജാപതിയുടെ മാസവരുമാനത്തിന്റെ പത്തിരട്ടി വരുമിത്.
ഈ കരാറിലൂടെ ലക്ഷ്മിക്ക് സ്വന്തം കുടുംബത്തിലെ പട്ടിണി അകറ്റാനായെന്നാണ് പറയുന്നത്. മദ്ധ്യപ്രദേശ്- ഗുജറാത്ത് മേഖലയിലെ പല കുടുംബങ്ങളും ഇത്തരത്തിലാണ് ചിന്തിക്കുന്നത്. ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കാൻ 50,000 രൂപയോളം ചെലവാകും. എന്നാൽ അവളെ വാടകയ്ക്ക് നൽകിയാൽ പണം ഇങ്ങോട്ടു കിട്ടും. ഈ മനോഭാവമാണ് ഇടനിലക്കാർ മുതലെടുക്കുന്നതും.