nadal

മാഡ്രിഡ്: നിലവിലെ ചാമ്പ്യൻ സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ ഇത്തവണത്തെ യു.എസ് ഓപ്പൺ ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ പങ്കെടുക്കില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെന്ന് നദാൽ കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയണ് അറിയിച്ചത്. അതോടൊപ്പം പുതിയ ടെന്നിസ് കലണ്ടറിനെ അപരിഷ്കൃതം എന്നും നദാൽ മറ്രൊരു ട്വിറ്ററിൽ വിമ‌ർശിച്ചിട്ടുണ്ട്. ഒത്തിരി ചിന്തിച്ച ശേഷം ഇത്തവണത്തെ യു.എസ്. ഓപ്പണിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഞാൻ. ലോകം മുഴുവൻ സാഹചര്യം വളരെ മോശമാണ്. കെീവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും കാര്യങ്ങൾ നിയന്ത്രണ വിധേയമായിട്ടില്ല. ഒരിക്കലും ആഗ്രഹിക്കാത്ത തീരുമാനമാണ് എടുക്കേണ്ടി വന്നതെന്നും നദാൽ ട്വീറ്റ് ചെയ്തു.

നദാലിന്റെ തീരുമാനത്തെ മാനിക്കുന്നതായി യു.എസ്. ഓപ്പൺ ഡയറക്ടർ സ്റ്രാസി അലസ്റ്റാസർ പറഞ്ഞു. നേരത്തേ സിവസ് ഇതിഹാസ താരം റോജർ ഫെഡററും ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. മുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് താരം. 1999ന് ശേഷം ഫെഡററും നദാലും പങ്കെടുക്കാത്ത ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റാകും ഇത്തവണത്തെ യു.എസ് ഓപ്പൺ. ഇവരെക്കൂടാതെ മറ്ര് ചില പ്രമുഖ താരങ്ങളും യു.എസ് ഓപ്പണിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റ് 31 മുതൽ സെപ്തംബർ 1 വരെയാണ് ഇത്തവണത്തെ യു.എസ്. ഓപ്പൺ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന ടെന്നിസ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനായി തയ്യാറാക്കിയ ഷെഡ്യൂളിനെ നദാൽ കടുത്ത ഭാഷയിൽ വിമർശിച്ചു. പുതിയ ഷെഡ്യൂൾ അപരിഷ്കൃതമാണെന്നാണ് നദാൽ അഭിപ്രായപ്പെട്ടത്. യു. സ് ഓപ്പണും ഫ്രഞ്ച് ഓപ്പണും തമ്മിൽ 14 ദിവസത്തെ വ്യത്യാസമേയുള്ളൂ. വെറ്റ്‌റൻ താരങ്ങൾക്ക് ടൂർണമെന്റിനായി ഒരുങ്ങാനും മറ്രും സമയം കിട്ടില്ലെന്നും അവർക്ക് പങ്കെടുക്കാൻ കഴിയാത്ത രീതിയിൽ അടുത്തടുത്തായാണ് ടൂർണമെന്റുകൾ ക്രമീകിരച്ചിരിക്കുന്നതെന്നുമാണ് നദാലിന്റെ പക്ഷം. ജൂണിൽ തന്നെ യു.എസ് ഓപ്പണിൽ പങ്കെടുക്കില്ലെന്ന് നദാൽ സൂചന നൽകിയിരുന്നു.