gold

 ഇന്നലെ ഒറ്റദിവസം പവന് കൂടിയത് 920 രൂപ, ഗ്രാമിന് 115 രൂപ

കൊച്ചി: ആഗോളചലനങ്ങളുടെ ചുവടുപിടിച്ച് സ്വർണവില സ്വപ്‌നക്കുതിപ്പ് തുടരുന്നു. ഇന്നലെ ഒറ്റദിവസം 920 രൂപയുടെ കുതിപ്പുമായി 41,200 രൂപയിലേക്ക് പവൻവില കുതിച്ചുകയറി. 115 രൂപ ഉയർന്ന് 5,150 രൂപയാണ് ഗ്രാം വില. കഴിഞ്ഞ ഒരുമാസത്തിനിടെ പവന് കൂടിയത് 5,400 രൂപയാണ്; ഗ്രാമിന് 675 രൂപയും. 2020ൽ ഇതുവരെ പവന് 12,200 രൂപയും ഗ്രാമിന് 1,525 രൂപയും വർദ്ധിച്ചു.

അന്താരാഷ്‌ട്ര വിലയുടെ റെക്കാഡ് മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗസ്‌റ്ര് മൂന്നിന് രാജ്യാന്തര വില ഔൺസിന് 1,972.89 ഡോളറായിരുന്നു. നാലിന് വില 2,022.66 ഡോളറിലേക്കും ഇന്നലെ 2,045.69 ഡോളറിലേക്കും കുതിച്ചു. സർവകാല റെക്കാഡാണിത്. കൊവിഡ് സൃഷ്‌ടിച്ച മാന്ദ്യം മറികടക്കാൻ അമേരിക്ക ഒരുലക്ഷം കോടി ഡോളറിന്റെ പുതിയ രക്ഷാപാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് ശ്രുതിയുണ്ട്. ഇത്, ഡോളറിന്റെ മൂല്യത്തെ (ഡോളർ ഇൻഡക്‌സ്) മറ്റു കറൻസികൾക്കെതിരെ രണ്ടുവർഷത്തെ താഴ്‌ചയായ 92.79ലേക്ക് വീഴ്‌ത്തിയത് സ്വർണത്തിന് കരുത്തായി.

സുരക്ഷിത നിക്ഷേപമെന്ന പ്രിയം ഏറിയതോടെ, ഓഹരി-കടപ്പത്രങ്ങളിൽ നിന്ന് പണം പിൻവലിച്ച് ഗോൾഡ് ഇ.ടി.എഫിലേക്ക് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) ഒഴുക്കുകയാണ് നിക്ഷേപകർ. ലോകത്തെ ഏറ്രവും വലിയ ഗോൾഡ് ഇ.ടി.എഫ് ആയ എസ്.പി.ഡി.ആർ ഗോൾഡ് ട്രസ്‌റ്റിലെ നിക്ഷേപം ഇന്നലെ 0.8 ശതമാനം ഉയർന്ന് 1,257.73 ടണ്ണിലെത്തി.

പൊന്നിൻ കുതിപ്പ്

(പവൻ വില ഈ വർഷം)​

ജനുവരി 1 : ₹29,​000

മാർച്ച് 1 : ₹31,​040

മേയ് 1 : ₹33,​400

ജൂൺ 1 : ₹34,​480

ജൂലായ് 31 : ₹40,​000

ആഗസ്‌റ്ര് 05 : ₹41,200

₹12,200

ഈവർഷം ഇതുവരെ പവൻ വിലയിലുണ്ടായ വർദ്ധന 12,200 രൂപ. ഗ്രാമിന് 1,525 രൂപയും ഉയർന്നു. ഒരുമാസത്തിനിടെ പവന് 5,400 രൂപയും ഗ്രാമിന് 675 രൂപയും കൂടി. ആഗസ്‌റ്രിൽ ഇതുവരെ പവന് കൂടിയത് 1,200 രൂപ. ഗ്രാമിന് 150 രൂപയും.

₹55,100

കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിൽ പത്തു ഗ്രാമിന് വില ഇന്നലെ എക്കാലത്തെയും ഉയരമായ 55,100 രൂപയിലെത്തി.

വെള്ളിത്തിളക്കം

'ഭാവിയിലെ സ്വർണം" എന്ന പെരുമയുമായി വെള്ളിയും വിലക്കുതിപ്പിലാണ്. എം.സി.എക്‌സിൽ വില കിലോയ്ക്ക് റെക്കാഡായ 71,380 രൂപയായി.

₹46,000

കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നിലവിൽ നൽകേണ്ട കുറഞ്ഞവില 46,000 രൂപയാണ്. എട്ട് ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജി.എസ്.ടി., 0.25 ശതമാനം പ്രളയ സെസ് എന്നിവ ചേർത്താണിത്.

വില എങ്ങോട്ട്?

രാജ്യാന്തര വില ഔൺസിന് ചൊവ്വാഴ്‌ചത്തെ 2,022 ഡോളറിൽ നിന്ന് ബുധനാഴ്‌ച ഇന്ത്യൻ സമയം വൈകിട്ട് 2,045 ഡോളറിൽ എത്തിയിട്ടുണ്ട്. ഈ വില കണക്കാക്കിയാകും ഇന്നലെ ആഭ്യന്തര വില നിർണയം എന്നതിനാൽ, ഇന്നും വില കൂടാനാണ് സാദ്ധ്യത.

വിലക്കുതിപ്പിന് പിന്നിൽ

 കൊവിഡ് പ്രതിസന്ധി എന്നൊഴിയുമെന്ന അനിശ്‌ചിതത്വം മൂലം ഓഹരി-കടപ്പത്ര വിപണികൾ നേരിടുന്ന തളർച്ച

 സുരക്ഷിത നിക്ഷേപമെന്ന സ്വർണത്തിന്റെ പെരുമ

 ഡോളറിന്റെ ക്ഷീണം