england-pakistan-cricke

മാഞ്ചസ്റ്റർ : ഇംഗ്ളണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി​ പാകിസ്ഥാൻ ബാറ്റിംഗിനിറങ്ങി. ഇടയ്ക്ക് മഴ തടസപ്പെടുത്തിയ മത്സരത്തിൽ ആദ്യ ദി​നം സ്റ്റമ്പെടുക്കുമ്പോൾ പാകിസ്ഥാൻ 139/2 എന്ന നിലയിലാണ്.

ഒാപ്പണർമാരായ ഷാൻ മസൂദും(46*) ആബിദ് അലിയും (16) ചേർന്ന് മോശമല്ലാത്ത തുടക്കമാണ് പാകസ്ഥാന് നൽകിയത്. 16-ാം ഒാവറിൽ ടീം സ്കോർ 36ൽ നിൽക്കുമ്പോൾ ആബിദിനെ ക്ളീൻ ബൗൾഡാക്കി ജൊഫ്ര ആർച്ചറാണ് ഇംഗ്ളണ്ടിന് ആദ്യ ബ്രേക്ക് നൽകിയത്. ഇതേത്തുടർന്ന് കുറച്ചുനേരം മഴകാരണം കളി നിറുത്തിവയ്ക്കേണ്ടിവന്നു. മത്സരം പുനരാരംഭിച്ചതിന് പിന്നാലെ പാക് നായകൻ അസ്ഹർ അലി ഡക്കായി. ക്രിസ് വോക്സ് അസ്ഹറിനെ എൽ.ബിയിൽ കുരുക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒരുമിച്ച ഷാൻ മസൂദും ബാബർ അസമും(69*) ചേർന്ന് 53/2 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞു. ലഞ്ചിന് ശേഷം മികച്ച രീതിയിൽ കളിച്ച പാക് താരങ്ങൾ നൂറുകടത്തി. ചായ സമയത്തി​ന് ശേഷം മഴയും വെളി​ച്ചക്കുറവും കാരണം കളി​ നേരത്തേ നി​റുത്തുകയായി​രുന്നു.49 ഒാവർ മാത്രമാണ് ആദ്യ ദിനം കളി നടന്നത്.