ഗാന്ധിനഗർ: ഭർത്താവുമായുള്ള ശാരീരികബന്ധം വിലക്കുകയും പ്രേതബാധ ആരോപിച്ച് ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന പേരിൽ ഭർതൃപിതാവിനെതിരെ പരാതിയുമായി യുവതി. ഗുജറാത്ത് വഡോദര സ്വദേശിയായ 43കാരിയാണ് ഗാന്ധിനഗർ പൊലീസിൽ പരാതിയുമായി എത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാന്ധിനഗർ സ്വദേശിയുമായുള്ള യുവതിയുടെ വിവാഹം കഴിഞ്ഞത്. അന്നുമുതൽ ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നത് പതിവാണ്. തന്റെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നും ശാരീരികബന്ധത്തിലേർപ്പെട്ടാൽ ഭർത്താവിനും ബാധ കയറുമെന്നുമാണ് ഭർതൃപിതാവിന്റെ ആരോപണം. ഇതിനെത്തുടർന്ന് ഭർത്താവുമായുള്ള ശാരീരികബന്ധം പോലും വിലക്കി. ഏറെനാൾ ഇതിനെ എതിർത്തുനോക്കിയെങ്കിലും ഭർത്താവും കുടുംബവും തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. വീട്ടിൽ തനിച്ചിരിക്കുമ്പോൾ ഭർതൃമാതാവിന്റെ പ്രകോപനത്തെ തുടർന്ന് ഭർതൃപിതാവ് ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നും പരാതിയിലുണ്ട്. ഉപദ്രവം സഹിക്കാതായതോടെ മാർച്ച് 10ന് ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനിടെ ബന്ധുക്കൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.