ബെർലിൻ : യൂറോപ്പിലെ രണ്ടാം ഡിവിഷൻ ലീഗായ യൂറോപ്പ ലീഗിൽ ഇന്ന് നാല് പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. ഇതിൽ മൂന്നെണ്ണം രണ്ടാം പാദ മത്സരങ്ങളാണ്. ഒന്ന് ഏകപാദ പ്രീക്വാർട്ടറും. രണ്ട് മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 10.25 മുതലാണ് .രണ്ടെണ്ണം 12.30 മുതലും . സോണി ചാനൽ ഗ്രൂപ്പിൽ ലൈവായി കാണാം.
ഇന്നത്തെ മത്സരങ്ങൾ
ബയേർ ലെവർകൂസൻ Vs റേഞ്ചേഴ്സ്
ജർമ്മൻ ക്ളബ് ലെവർകൂസനും സ്കോട്ടിഷ് ക്ളബ് റേഞ്ചേഴ്സും തമ്മിലുള്ള രണ്ടാം പാദ മത്സരമാണിത്. റേഞ്ചേഴ്സിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ലെവർകൂസൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം നേടിയിരുന്നു.ഇന്ന് ഇൗ മാർജിൻ മറികടക്കാൻ റേഞ്ചേഴ്സിന് കഴിയുക പ്രയാസമാണ്. രാത്രി 10.25 മുതൽ ലെവർകൂസന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
സെവിയ്യ Vs എ.എസ് റോമ
സ്പാനിഷ് ക്ളബ് സെവിയ്യയും ഇറ്റാലിയൻ ക്ളബ് റോമയും തമ്മിൽ ആദ്യ പാദ പ്രീക്വാർട്ടർ നടന്നിരുന്നില്ല. അതുകൊണ്ട് ഇക്കുറി ഹോം , എവേ മാച്ചുകൾ ഒഴിവാക്കി പൊതുവേദിയായ ജർമ്മനിയിലെ ഡ്യൂയിസ്ബർഗിൽ ഒറ്റ പ്രീക്വാർട്ടർ മത്സരം. ഇറ്റാലിയൻ സെരി എയിലെ അവസാന മത്സരത്തിൽ യുവന്റസിനെ മലർത്തിയടിച്ചാണ് റോമയുടെ വരവ്.
( രാത്രി 10.25 മുതൽ)
ബാസൽ Vs എയ്ൻട്രാൻക്ട്
സ്വിസ് ക്ളബ് ബാസലിന്റെയും ജർമ്മൻ ക്ളബ് എയ്ൻട്രാൻക്ടിന്റെയും രണ്ടാം പാദ പ്രീക്വാർട്ടർ മത്സരം. എയ്ൻട്രാൻക്ടിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ചത് ബാസൽ. ഇന്ന് ബാസലിന്റെ ഹോം മാച്ച്.( രാത്രി 12.30 മുതൽ)
വോൾവർ Vs ഒളിമ്പ്യാക്കോസ് പിറയൂസ്
( രാത്രി 12.30 മുതൽ)
ഇതും രണ്ടാം പാദ പ്രീ ക്വാർട്ടറാണ്.ഇംഗ്ളീഷ് ക്ളബ് വോൾവ്സ് പിറയൂസുമായി ആദ്യ പാദത്തിൽ 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.ഇന്ന് വോൾവറിന്റെ ഹോംമാച്ച്. പ്രിമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് വോൾവർ ഫിനിഷ് ചെയ്തത്.