laddu

അയോദ്ധ്യ : ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ ചെയ്ത് ആദ്യശില പാകിയപ്പോള്‍ സന്തോഷത്തിന്റെ മധുരം പകരാന്‍ തയാറാക്കിയത് ഒന്നേകാല്‍ ലക്ഷം ലഡുകൊണ്ടായിരുന്നു. ഈ സവിശേഷമായ ലഡു നിര്‍മ്മിച്ചതാവട്ടെ കര്‍ണാടക സ്വദേശികളായ നൂറുപേരടങ്ങുന്ന സംഘമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്ഷ്യവസ്തുക്കളുപയോഗിച്ചാണ് ഈ സവിശേഷമായ മധുര പലഹാരം നിര്‍മ്മിച്ചത്.

ഇതിലേക്കാവശ്യമായ ഏലം, കശുഅണ്ടി,ഉണക്കമുന്തിരി തുടങ്ങിയവ കേരളത്തില്‍ നിന്നുമാണ് എത്തിച്ചത്. ഇതോടെ അയോദ്ധ്യയിലെ ചടങ്ങിലേക്ക് കേരളത്തിന്റെ പെരുമയും എത്തിച്ചേര്‍ന്നു. ജമ്മുകാശ്മീരില്‍ നിന്നും കുങ്കുമം, കര്‍ണാടകയില്‍ നിന്നും നെയ്യും ലഡു നിര്‍മ്മാണത്തിനായി ഉത്തര്‍പ്രദേശിന് പുറത്തുനിന്നും കൊണ്ടുവന്നു. വിശ്വാസികളുടെ മനസുനിറച്ച ചടങ്ങുപോലെ ലഡുവിന്റെ മധുരവും സവിശേഷമായിരുന്നു.

നൂറു പേരടങ്ങുന്ന സംഘം ഭൂമിപൂജ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പേ അരലക്ഷത്തിലധികം ലഡു തയാറാക്കിയിരുന്നു. എന്നാല്‍ ചടങ്ങിന് ശേഷവും കൂടുതല്‍ ആവശ്യം ലഡുവിന് ഉണ്ടാവുമെന്ന കണക്കുകൂട്ടലില്‍ ഒന്നേകാല്‍ ലക്ഷത്തിനടുത്ത് എണ്ണം തയ്യാറാക്കുകയായിരുന്നു. ചടങ്ങിന്റെ പ്രത്യേകത കണക്കിലെടുത്ത് പ്രസാദത്തിന്റെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അമവ ക്ഷേത്രത്തിലെ ഭക്ഷണപുരയിലാണ് പ്രസാദം തയാര്‍ ചെയ്തത്.