തിരുവനന്തപുരം : സ്പോർട്സ് ക്വാട്ട അഡ്മിഷൻ രീതി കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പുന:പരിശോധിക്കണമെന്ന് ഡിപ്പാർട്ട്മെൻറൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലിറങ്ങിയ ഉത്തരവ് പ്രകാരം ഓൺലൈനായി അപേക്ഷിക്കുമ്പോൾ സർട്ടിഫിക്കറ്റ് നമ്പർ ചേർക്കേണ്ടതുണ്ട്. ഉപജില്ല ,ജില്ല, സോണൽ സർട്ടിഫിക്കറ്റുകളിലൊന്നും ഇത്തരത്തിലൊരു നമ്പർ രേഖപ്പെടുത്താറില്ല. ഇത്തരം സർട്ടിഫിക്കറ്റുകൾ അപേക്ഷയിൽ ഉൾപ്പെടുത്താനാകാത്തത് കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തും. സർട്ടിഫിക്കറ്റുകൾ ഇഷ്യൂ അതോറിറ്റി കൗണ്ടർസൈൻ ചെയ്യണമെന്ന നിർദ്ദേശവും അപ്രായോഗികമാണ്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റുകൾ സൈൻ ചെയ്യിക്കാൻ കുട്ടികൾ നെട്ടോട്ടമോടേണ്ടി വരും.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പഠിച്ച സ്കൂളുകളിലെത്തി അഡ്മിഷൻ വിദ്യാലയങ്ങളിലൊരുക്കിയ ഹെൽപ് ഡസ്ക് സംവിധാനത്തിലൂടെ മാത്രമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.