ന്യൂഡൽഹി : നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആരാധകർ എന്ന പേരിൽ നിരവധി പേരുടെ ഭീഷണി ഫോൺ കോളുകൾ ദിവസവും തനിക്ക് വരുന്നതായി സുശാന്തിന്റെ മൃതദേഹം വീട്ടിൽ നിന്നും ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ വിശാൽ ബാന്ദ്ഗർ.
ജൂൺ 14നാണ് ബാദ്രയിലെ വീട്ടിൽ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തെപ്പറ്റി മുംബയ്, ബീഹാർ പൊലീസിന്റെ അന്വേഷണങ്ങൾ നടക്കുകയാണ്. ഇതിനിടെയാണ് ഡ്രൈവർ വെളിപ്പെടുത്തലുമായെത്തിയിരിക്കുന്നത്.
' നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് ആംബുലൻസ് സർവീസ് നടത്തുന്നവരാണ് താനും സഹോദരനും. എന്നാൽ സുശാന്തിന്റെ മൃതദേഹം വഹിച്ച നാൾ മുതൽ ഏകദേശം ഒരു മാസത്തോളമായി ഭീഷണിപ്പെടുത്തിയുള്ള ഫോൺ കോളുകൾ തങ്ങളെ തേടിയെത്തുന്നു. വളരെ മോശമായ ഭാഷയിലാണ് പലരും സംസാരിക്കുന്നത്. സുശാന്തിനെ വസതിയിൽ നിന്നും ആംബുലൻസിലേക്ക് മാറ്റുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നതായാണ് ചിലർ ആരോപിക്കുന്നത്. തങ്ങൾ സുശാന്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇതിന് തങ്ങൾക്ക് ശിക്ഷ ലഭിക്കുമെന്നുമാണ് അവർ പറയുന്നത്. ' ഡ്രൈവർ പറയുന്നു. സംഭവത്തിൽ പൊലീസിൽ പരാതിപ്പെടാനൊരുങ്ങുകയാണെന്നും വിശാൽ പറഞ്ഞു.