മുംബയ്: കുട്ടികളുടെ കുസൃതികൾ പലപ്പോഴും മാതാപിതാക്കൾക്ക് തലവേദനകൾ ഉണ്ടാക്കാറുണ്ട്. പക്ഷേ, അത് പൊലീസ് കേസൊക്കെ ആകുന്നത് വളരെ അപൂർവമാണ്. എന്നാൽ മുംബയിൽനിന്നുള്ള ഒരു ഭീഷണി സന്ദേശത്തിന്റെ പിന്നിലെ കഥ കേട്ടാൽ ഞെട്ടിപ്പോകും.
120ലക്ഷം രൂപ നൽകണമെന്നും, അല്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും കൊല്ലുമെന്നുമായിരുന്നു ചൈനയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന മുംബയ് സ്വദേശിക്ക് വന്ന ഇ-മെയിൽസന്ദേശം. ഒരു ലക്ഷം ആവശ്യപ്പെട്ടാണ് ഇയാൾക്ക് ആദ്യം ഇ-മെയിൽ വന്നത്. പിന്നാലെ 12 മില്യൺ നൽകണമെന്നും ആമസോൺ പേയിലോ പേടിഎമ്മിലോ പണം നൽകിയാൽ മതിയെന്നും, തുക നൽകിയില്ലെങ്കിൽ തങ്ങളുടെ ആളുകൾ മുംബയിലുണ്ടെന്നും അവർ നിങ്ങളെയും കുടുംബത്തെയും കൊല്ലുമെന്നുമുള്ള സന്ദേശവുമെത്തി. മൂന്നാമത്തെ ഇ-മെയിലിലും ഇതാവർത്തിച്ചു. ഇതുകണ്ട് ശരിക്കും വിരണ്ടുപോയ അദ്ദേഹം ഉടൻതന്നെ ബോറിവാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പിന്നാലെ സൈബർ വിദഗ്ദ്ധർ ഇ-മെയിൽ വന്ന ഐ.പി അഡ്രസ് പരിശോധിച്ചു. പരാതിക്കാരന്റെ വീട്ടിലെ ഐ.പി അഡ്രസ് തന്നെയെന്ന് കണ്ടെത്തിയതോടെ പൊലീസിന് പന്തികേട് മണത്തു.
വീട്ടുകാരെ വിശദമായി ചോദ്യംചെയ്തു. ഒടുവിൽ പ്രതിയെ കിട്ടി, പരാതിക്കാരന്റെ 12 കാരിയായ മകൾ!.
മാതാപിതാക്കൾ മൂന്ന് വയസുള്ള കുഞ്ഞനിയനെ, തന്നെക്കാളേറെ സ്നേഹിക്കുന്നതിനാൽ അവരെ ഒരു പാഠം പഠിപ്പിക്കാനാണ് ഇ-മെയിൽ അയച്ചതെന്ന് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു.
എന്തായാലും കേസിലെ 'പ്രതിയെ' കണ്ടെത്തിയെങ്കിലും പൊലീസ് അറസ്റ്റിലേക്കൊന്നും നീങ്ങിയില്ല. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കാനാണ് പൊലീസ് നൽകിയ നിർദേശം.