reliance

ന്യൂഡൽഹി: ലോകത്തെ രണ്ടാമത്തെ വലിയ ബ്രാൻഡായി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ബ്രാൻഡ് ട്രാൻസ്‌ഫർമേഷൻ കമ്പനിയായ ഫ്യൂച്ചർ ബ്രാൻഡിന്റെ ഈ വർഷത്തെ പട്ടികയിലാണ്, ആപ്പിളിന് പിന്നിലായി രണ്ടാംസ്ഥാനത്ത് റിലയൻസ് എത്തിയത്. പട്ടികയിലേക്കുള്ള കന്നിക്കുതിപ്പിൽ തന്നെ രണ്ടാംസ്ഥാനം നേടിയെന്ന മികവും റിലയൻസ് കുറിച്ചു.

ഇന്ത്യക്കാർക്ക് എല്ലാ ഉത്‌പന്നങ്ങളും സേവനങ്ങളും ലഭിക്കുന്ന 'വൺ സ്‌റ്റോപ്പ് ഷോപ്പ്" ആയി റിലയൻസിനെ ഉയർത്താനുള്ള ചെയർമാൻ മുകേഷ് അംബാനിയുടെ നടപടികളാണ് കമ്പനിയുടെ ഈ നേട്ടത്തിന് പിന്നിലെന്ന് ഫ്യൂച്ചർ ബ്രാൻഡ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്രവും ലാഭമേറിയ കമ്പനി, നൂതനമായ സംരംഭങ്ങൾ, വിശാലമായ ഉപഭോക്തൃ സേവനം എന്നിവയും റിലയൻസിന്റെ കരുത്താണെന്ന് ഫ്യൂച്ചർ ബ്രാൻ‌ഡ് ചൂണ്ടിക്കാട്ടി.

സാംസംഗാണ് പട്ടികയിൽ മൂന്നാംസ്ഥാനത്ത്. എൻവിഡിയ, മൗതായി, നൈക്കി, മൈക്രോസോഫ്‌റ്ര്, എ.എസ്.എം.എൽ., പേപാൽ, നെറ്ര്‌ഫ്ളിക്‌സ് എന്നിവ യഥാക്രമം നാലുമുതൽ പത്തുവരെ സ്ഥാനങ്ങൾ നേടി. ലോകത്തെ ഏറ്രവും മൂല്യമേറിയ കമ്പനിയായ സൗദി ആരാംകോ പട്ടികയിൽ 91-ാം സ്ഥാനത്താണ്.