mumbai

മുംബയ് : മുംബയിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ ദുരിതം വിതച്ച് ശക്തമായ കാറ്റും. മണിക്കൂറിൽ 107 കിലോമീറ്റർ വരെയുള്ള കാറ്റാണ് മുംബയ് തീരത്ത് വൈകിട്ടോടെ വീശിയടിക്കാൻ തുടങ്ങിയിരിക്കുന്നത്. ഇതോടെ ജനങ്ങൾക്ക് കനത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് പൊലീസ്. ജനങ്ങൾ കഴിവതും പുറത്തിറങ്ങാതിരിക്കാനാണ് നിർദ്ദേശം.

മന്ത്രി ആദിത്യ താക്കറെയും മുംബയ് നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തുറമുഖ മേഖലയിൽ വലിയ ക്രെയ്നുകൾ മുതൽ വീടുകളുടെ മേൽക്കൂരകൾക്ക് വരെ നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വെള്ളം കയറി ഗതാഗതം താറുമാറായി. മരങ്ങൾ കടപുഴകി വീണു. അടുത്ത നാല് മണിക്കൂർ വരെ കാറ്റ് ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് മുതൽ വാശി വരെയും താനെയിലേക്കുമുള്ള ട്രെയിനുകൾ താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് 7ന് തുടങ്ങിയ പേമാരി അടുത്ത 10 മണിക്കൂർ കൂടി ശക്തമായി തുടരും.