തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകിയ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് കൂടുതല്‍ ചുമതലകള്‍ നൽകിയത് ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കാൻ വേണ്ടിയാണെന്നുംആരോഗ്യ പ്രവര്‍ത്തകരുടെ ജോലി പൊലീസിന് കൈമാറുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഏതു വിധേനയും രോഗവ്യാപനം വലിയ തോതിലാകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാന്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.'കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാ ഘട്ടത്തിലും ആരോഗ്യ പ്രവര്‍ത്തകർ പൊലീസിനൊപ്പമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും അവരുടെ ഇടപെടലുകളും തുടക്കം മുതല്‍ ഉണ്ട്. എന്നാല്‍ തുടര്‍ച്ചയായ അധ്വാനവും വിശ്രമരാഹിത്യവും സ്വാഭാവികമായും ആരിലും ക്ഷീണമുണ്ടാക്കും അത് ആരോഗ്യപ്രവര്‍ത്തകരിലും ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുണ്ടായ ദൗത്യരീതിയല്ല രോഗവ്യാപനം വര്‍ദ്ധിക്കുന്ന ഈ ഘട്ടത്തിലുളളത്. രോഗികളുടെ എണ്ണം കൂടുകകയാണ്. വീടുകളില്‍ നിരീക്ഷണത്തിലുളളവരുടെ എണ്ണവും കൂടുകയാണ്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെടുന്നവരുടെ എണ്ണത്തിലും വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ടാക്ട് ട്രേസിംഗ് കൂടുതല്‍ വിപുലമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടില്‍ സി.എഫ്.എല്‍.ടി.സികള്‍ സ്ഥാപിച്ചതോടെ ആ രംഗത്തും പുതുതായി ശ്രദ്ധിക്കേണ്ടി വരുന്നു. മൊബൈല്‍ യൂണിറ്റുകള്‍ കൂടുതലായി, ടെസ്റ്റിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇതെല്ലാം ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം ഗണ്യമായി വര്‍ദ്ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീടുകളില്‍ ചികിത്സയ്ക്കുളള സംവിധാനം ഒരുക്കുമ്പോള്‍ വീണ്ടും ജോലിഭാരം വര്‍ദ്ധിക്കും. അത്തരമൊരു ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കൂടുതല്‍ സഹായിക്കേണ്ടതുണ്ടെന്നും സമ്പര്‍ക്കം കണ്ടെത്തുന്നതിന് സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കേണ്ടത് ഒഴിച്ചുകൂടാനാകാത്തതാണെന്നും പിണറായി പറഞ്ഞു. നേരത്തേ ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമരഹിതമായി ജോലി ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. സംസ്ഥാനത്ത് വലിയ തോതില്‍ രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ പൊലീസിനെ കൂടി ഇതിന്റെ ഭാഗമായി ഉപയോഗിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലിയല്ല പൊലീസ് ചെയ്യുക. അതൊക്കെ അവര്‍ തന്നെ ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി പൊലീസിന് കൈമാറുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഒരു ശ്രമം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.